റൂമിയുടെ പൈതൃകം സംരക്ഷിക്കാന്‍ ഇറാനും തുര്‍ക്കിയും

കാബൂള്‍: സൂഫി വര്യനും മിസ്റ്റിക് കവിയുമായ ജലാലുദ്ദീന്‍ റൂമിയുടെ പൈതൃകത്തെ ചൊല്ലി അഫ്ഗാന്‍ അധികൃതര്‍ ഇറാന്‍, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളുമായി കൊമ്പുകോര്‍ക്കുന്നു.  മുഴുവന്‍ ലോകത്തിന്‍െറയും സ്നേഹഭാജനമായി നിലകൊള്ളുന്ന റൂമിയുടെ പൈതൃകം സംരക്ഷിക്കാനുള്ള അവകാശം നേടാന്‍ ഇറാനും തുര്‍ക്കിയും യുനെസ്കോയിലൂടെ നീക്കമാരംഭിച്ചതാണ് കാബൂളിനെ ചൊടിപ്പിച്ചത്. 2007ല്‍ സൂഫിവര്യന്‍െറ 800ാം ജന്മദിന വാര്‍ഷികം ഇറാനും തുര്‍ക്കിയും വിപുലമായ പരിപാടികളോടെ കൊണ്ടാടിയിരുന്നു. അദ്ദേഹത്തിന്‍െറ രചനകള്‍ ഇനംതിരിച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഇരുരാജ്യങ്ങളും ഈയിടെ യുനെസ്കോയെ സമീപിക്കുകയും ചെയ്തു.

എന്നാല്‍, ഇക്കാര്യത്തില്‍ യുനെസ്കോ തങ്ങളുമായി കൂടിയാലോചന നടത്താതെ തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്ന നിലപാടിലാണ് അഫ്ഗാന്‍ സാംസ്കാരിക മന്ത്രാലയം. ‘കാരണം, റൂമി ഭൂജാതനായത് അഫ്ഗാനിലെ ബാല്‍ക്കിലാണ്. കവി ജന്മത്താല്‍ അനുഗ്രഹീതമായ നാടെന്ന് ഞങ്ങള്‍ റൂമിയുടെ പേരില്‍ അഭിമാനംകൊള്ളുമ്പോള്‍ അദ്ദേഹത്തിന്‍െറ പൈതൃക സംരക്ഷണത്തിന്‍െറ  പ്രഥമ അവകാശികളും ഞങ്ങള്‍തന്നെയെന്ന്’ എന്ന വാദം ഉയര്‍ത്തിയാണ് അഫ്ഗാന്‍ സാംസ്കാരിക മന്ത്രാലയ വക്താവ് ഹാറൂന്‍ ഹക്ലീമി ഇറാന്‍- തുര്‍ക്കി പദ്ധതിയെ വെല്ലുവിളിക്കുന്നത്.
ബാല്‍ക്കില്‍ ജനിച്ചതിനാല്‍ മൗലാന ജലാലുദ്ദീന്‍ ബാല്‍ക് എന്ന പേരിലാണ് കവി അഫ്ഗാനില്‍ അറിയപ്പെടുന്നത്. സ്കൂള്‍ പാഠ്യപദ്ധതിയില്‍ അദ്ദേഹത്തിന്‍െറ രചനകള്‍ സംവത്സരങ്ങളായി ഉള്‍പ്പെടുത്തി അഭ്യസിക്കപ്പെടുന്നു.

പേര്‍ഷ്യന്‍ സാഹിത്യത്തിലെ നിധിപേടകമായി വിശേഷിപ്പിക്കപ്പെടുന്ന റൂമിയുടെ ‘മസ്നവി’ നൂറ്റാണ്ടുകള്‍ക്കുശേഷവും മേഖലയില്‍ മാത്രമല്ല യു.എസിലും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംനേടിയിരിക്കെ പേര്‍ഷ്യ ഒൗദ്യോഗിക ഭാഷയായി സ്വീകരിച്ച ഇറാന്‍ റൂമിക്കുവേണ്ടി അതിശക്തമായ വാദങ്ങളുന്നയിച്ച് നേരത്തേതന്നെ യുനെസ്കോയുടെ ശ്രദ്ധ കവര്‍ന്നിരുന്നു. അഫ്ഗാനില്‍നിന്ന് ഇറാനിലേക്ക് കുടിയേറിയ കവി ആയുസ്സിന്‍െറ അവസാന വര്‍ഷങ്ങള്‍ ചെലവിട്ടത് തുര്‍ക്കിയിലായിരുന്നു.
അഫ്ഗാനിസ്താനില്‍ വേരുകളുള്ള ബാല്‍ക്കിന്‍െറ പുത്രനെ അപഹരിക്കാന്‍ ഇറാനെയും തുര്‍ക്കിയെയും അനുവദിക്കില്ളെന്ന് ബാല്‍ക് ഗവര്‍ണര്‍ അതാ മുഹമ്മദ് നൂര്‍ വ്യക്തമാക്കി.

അതിനിടെ റൂമിയുടെ ജീവിതകഥ ആവിഷ്കരിക്കുന്ന ഹോളിവുഡ് ചിത്രത്തില്‍ റൂമിയുടെ വേഷം ഡി കാപ്രിയോവിന് നല്‍കുമെന്ന റിപ്പോര്‍ട്ടും വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. റൂമിയുടെ വേഷം ഏഷ്യന്‍ വംശജര്‍ക്ക് നല്‍കാതെ സവര്‍ണവത്കരണമാണ് ചലച്ചിത്ര നിര്‍മാതാക്കളുടെ ഉന്നമെന്നാണ് റൂമി ആസ്വാദകരുടെ വിമര്‍ശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.