മനുഷ്യത്വത്തിന്‍െറ കാവല്‍ മാലാഖ ഓര്‍മയായി

ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ഈദി ഫൗണ്ടേഷന്‍ സ്ഥാപകന്‍ അബ്ദുല്‍ സത്താര്‍ ഈദി അന്തരിച്ചു. 88 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം കറാച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സത്താര്‍ ഈദിയുടെ മകന്‍ ഫൈസല്‍ ഈദിയാണ് മരണവിവരം ലോകത്തെ അറിയിച്ചത്. മനുഷ്യത്വത്തിന്‍െറ മഹാനായ സേവകനെയാണ് നഷ്ടപ്പെട്ടതെന്നും അല്ലാഹു അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഏറ്റവും നല്ല ഇടം നല്‍കട്ടെയെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കനത്ത സുരക്ഷയിലാണ് നാഷനല്‍ സ്റ്റേഡിയത്തില്‍ മരണാന്തര ചടങ്ങുകള്‍ നടത്തിയത്. ചടങ്ങില്‍ രാഷ്ട്രീയ-സാമൂഹിക സേവനരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെ ആയിരങ്ങള്‍ പങ്കുകൊണ്ടു.  

ഇന്ത്യയില്‍ നിന്ന് ആകസ്മികമായി വാഗാ അതിര്‍ത്തി കടന്ന് പാകിസ്താനിലത്തെിയ ഗീതയെന്ന ബധിരയും മൂകയുമായ പെണ്‍കുട്ടിയെ 11 വര്‍ഷം ഈദി ഫൗണ്ടേഷന്‍ സംരക്ഷിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഗീത ഇന്ത്യയില്‍ തിരിച്ചത്തെുകയും ചെയ്തു. ‘പത്രപ്രവര്‍ത്തന ജോലിക്കിടെ കണ്ടുമുട്ടിയ നിരവധിപേരില്‍ വിവിധ രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും പ്രധാനമന്ത്രിമാരും ഭരണാധികാരികളും ഏറെയുണ്ട്. എന്നാല്‍, പാകിസ്താനി സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ സത്താര്‍ ഈദിയെ കണ്ടുമുട്ടുന്നതുവരെ ദൈവിക വിശുദ്ധിയുള്ള ഒരു മഹാത്മാവിനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അടുത്തറിഞ്ഞതു മുതല്‍ ധാര്‍മികതയുടെയും ആധ്യാത്മികതയുടെയും  ചൈതന്യം ഞാന്‍ അറിഞ്ഞു. പാകിസ്താനില്‍ മുഹമ്മദലി ജിന്ന കഴിഞ്ഞാല്‍ ഇത്രയധികം ആദരവ് കിട്ടിയ മറ്റൊരു മനുഷ്യനില്ല’ -ടെലിഗ്രാഫ് പത്രത്തിലെഴുതിയ ഒരു ലേഖനത്തില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍  ഒബോണ്‍ ഈദിയെ കുറിച്ച് ഇങ്ങനെ വിവരിക്കുന്നു.

1951ലാണ് അബ്ദുല്‍ സത്താര്‍ ഈദി ഈദി ഫൗണ്ടേഷന്‍ രൂപവത്കരിക്കുന്നത്. 64 വര്‍ഷത്തെ സേവനത്തിലൂടെ പാകിസ്താനിലെ ഏറ്റവും വലിയ കാരുണ്യസംഘടനയായി അത് പടര്‍ന്നുപന്തലിച്ചു. സമൂഹത്തില്‍ രോഗംമൂലം കഷ്ടപ്പെടുന്നവര്‍ക്കും അവഗണിക്കപ്പെടുന്നവര്‍ക്കും കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് സംഘടന തുടങ്ങുന്നത്. രോഗബാധിതയായ മാതാവിനെ പരിചരിച്ചതാണ് ഈദിയെ സാമൂഹികസേവനരംഗത്തേക്ക് നയിച്ചത്. കറാച്ചി മാര്‍ക്കറ്റില്‍ ജോലിചെയ്തിരുന്ന സമയത്ത് മാതാവ് പതിവായി രണ്ട് നാണയങ്ങള്‍ ഈദിക്ക് നല്‍കുമായിരുന്നു. ഒന്ന് ഭക്ഷണം കഴിക്കാനും മറ്റൊന്ന് ഭിക്ഷക്കാര്‍ക്ക് നല്‍കാനും. ഇതും ഈദിയിലെ മനുഷ്യത്വം ഉണരാന്‍ പ്രചോദനമായി.

സൗജന്യ നഴ്സിങ് ഹോമുകള്‍, അനാഥാലയങ്ങള്‍, സ്ത്രീ സുരക്ഷാകേന്ദ്രങ്ങള്‍, ലഹരിവിരുദ്ധ കേന്ദ്രങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി ഈദി ഫൗണ്ടേഷന്‍ നല്‍കുന്ന സേവനങ്ങള്‍ മാതൃകാപരമാണ്. ലോകത്തെതന്നെ ഏറ്റവും വലിയ ആംബുലന്‍സ് ശൃംഖലയാണ് ഫൗണ്ടേഷന്‍െറ ശക്തി. 1500 ആംബുലന്‍സുകളാണ് സംഘടനക്ക് കീഴിലുള്ളത്. ആംബുലന്‍സ് ഓടിച്ച് നഗരത്തിന്‍െറ മുക്കിലും മൂലയിലും അദ്ദേഹം എത്തുമായിരുന്നു.

 1928ല്‍ ഗുജറാത്തിലെ ഉള്‍ഗ്രാമത്തില്‍ ജനിച്ച സത്താര്‍ ഈദി ഇന്ത്യ-പാക് വിഭജനത്തോടെയാണ് പാകിസ്താനിലേക്ക് കുടിയേറിയത്. 1965ല്‍ ഈദി ഫൗണ്ടേഷനില്‍ ജോലി ചെയ്തിരുന്ന ബില്‍ക്കിസിനെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് നാല് മക്കള്‍. സാമൂഹിക പ്രവര്‍ത്തനത്തിനുള്ള ഏഷ്യയിലെ ഏറ്റവും വലിയ പുരസ്കാരമായ മഗ്സാസെ അവാര്‍ഡ് ഈ ദമ്പതികളെ തേടിയത്തെി. കറാച്ചിയില്‍ അമ്മ മന്ദിരവും ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി ഒരു കേന്ദ്രവും അവര്‍ തുടങ്ങി.  

പാകിസ്താനിലെ ഫാദര്‍തെരേസ എന്നറിയപ്പെട്ട ഈദി രാജ്യത്ത് പനി പടര്‍ന്നുപിടിച്ച സമയത്ത് സര്‍ക്കാര്‍ പോലും ചെയ്യാന്‍ മടിച്ച സേവനങ്ങളുമായി ജനങ്ങള്‍ക്കരികിലത്തെി. ഈദിയുടെ പ്രവര്‍ത്തനമണ്ഡലം ഒരിക്കലും പൂ വിരിച്ചതായിരുന്നില്ല. വധഭീഷണികളുള്‍പ്പെടെ നിരവധി പ്രതിബന്ധങ്ങള്‍ അതിജീവിച്ചാണ് അദ്ദേഹം കര്‍മമേഖല കെട്ടിപ്പടുത്തത്.  ഒരു അഭിമുഖത്തിനിടെ സത്താര്‍ ഈദി  പറഞ്ഞു: ‘എനിക്ക് ആളുകളോട് ഒരു അപേക്ഷയേ ഉള്ളൂ. സമ്മേളനങ്ങള്‍ക്കും ഉദ്ഘാടന ചടങ്ങുകള്‍ക്കും ഒരിക്കലും ക്ഷണിക്കരുത്. ജനങ്ങളെ സേവിക്കാനുള്ള എന്‍െറ സമയം നഷ്ടപ്പെടുത്താനേ അത് ഉപകരിക്കൂ.’ അവസാനശ്വാസം വരെയും കര്‍മനിരതനായിരിക്കണമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്‍െറ ആഗ്രഹവും.  2014ല്‍  സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് ഈദി നാമനിര്‍ദേശം ചെയ്യപ്പെട്ടു. 30,000 ത്തോളം പേര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക് അയക്കാന്‍ നേതൃത്വം നല്‍കിയ മലാല യൂസുഫ്സായ്ക്കാണ്  പുരസ്കാരം ലഭിച്ചത്.

രണ്ട് ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഒന്ന്  ധരിച്ചിരിക്കുന്ന വേഷത്തോടെ മരിക്കണം. മറ്റൊന്ന് ശരീരഭാഗങ്ങള്‍ ദാനം ചെയ്യണം. എന്നാല്‍, കോര്‍ണിയ ഒഴികെയുള്ള ശരീരഭാഗങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഈദിയുടെ മരണശേഷം സംഘടനയുടെ ചുമതല മകന്‍ ഫൈസലിനാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.