ഓസ്ട്രിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം കോടതി റദ്ദാക്കി

വിയന: ഓസ്ട്രിയന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഭരണഘടനാ കോടതി പുനര്‍ തെരഞ്ഞെടുപ്പിന് ഉത്തരവിട്ടു. ഫലപ്രഖ്യാപനത്തിലെ സുതാര്യതയെ ചോദ്യംചെയ്ത കോടതി പോസ്റ്റല്‍ വോട്ടുകള്‍ നിയമവിരുദ്ധമായും അനുചിതമായുമാണ് കൈകാര്യം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. ഗ്രീന്‍സ് പാര്‍ട്ടി മുന്‍ നേതാവ് അലക്സാണ്ടര്‍ വാന്‍ഡെര്‍ ബെല്ലനോട് നേരിയ വോട്ടിന്‍െറ വ്യത്യാസത്തിലാണ് തീവ്ര വലതുപക്ഷ  ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥി നോര്‍ബെര്‍ട്ട് ഹോഫര്‍ പരാജയപ്പെട്ടത്.
 ബെല്ലന്‍ 50.3 ശതമാനം വോട്ട് നേടിയപ്പോള്‍ ഹോഫറിന് 49.7 ശതമാനം വോട്ടാണ് കിട്ടിയത്.  36 ശതമാനം വോട്ട് നേടി ഫ്രീഡം പാര്‍ട്ടി ആദ്യഘട്ട വോട്ടെടുപ്പില്‍ ഒന്നാമതത്തെിയിരുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും മേധാവിത്വം നേടുമെന്നായിരുന്നു വിലയിരുത്തല്‍. അഭയാര്‍ഥികള്‍ക്ക് ഒരു കാരണവശാലും വാതില്‍ തുറന്നുകൊടുക്കില്ളെന്നാണ് 45കാരനായ ഹോഫറുടെ നിലപാട്.
അതേസമയം അഭയാര്‍ഥി പ്രശ്നമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മൃദുസമീപനമാകാമെന്ന നിലപാടാണ് അലക്സാണ്ടര്‍ ബെല്ലനുള്ളത്.  
 നിയമവാഴ്ചയും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതിന്‍െറ ഭാഗമാണ് വിധിപ്രഖ്യാപനമെന്ന് ഭരണഘടനാ കോടതി മേധാവി ജെര്‍ഹാദ് ഹോള്‍ഷിങ്ങര്‍ വ്യക്തമാക്കി.  ഇതോടെ, ആസ്ട്രിയന്‍ രാഷ്ട്രീയം വീണ്ടും അനിശ്ചിതത്വത്തിലേക്ക് വീണിരിക്കുകയാണ്.
പുതിയ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതില്‍ ക്രമക്കേടുണ്ടെന്നും 16 വയസ്സിനു താഴെയുള്ളവരും വിദേശികളും വോട്ടു ചെയ്തതായും ഫ്രീഡം പാര്‍ട്ടി ആരോപിച്ചിരുന്നു.
ആരോപണങ്ങള്‍ ശരിവെക്കുന്ന കോടതിവിധി ഫ്രീഡം പാര്‍ട്ടിയുടെ വിജയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.