15 ഗ്വണ്ടാനമോ തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി

അബൂദബി: 15 ഗ്വണ്ടാനമോ തടവുകാരെ അമേരിക്ക യു.എ.ഇക്ക് കൈമാറി. 12 യമനികളെയും മൂന്ന് അഫ്ഗാനികളെയുമാണ് കൈമാറിയത്. അമേരിക്കന്‍ സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘമാണ് തടവുകാരുടെ കൈമാറ്റത്തിന് അനുമതി നല്‍കിയതെന്ന് പെന്‍റഗണ്‍ അറിയിച്ചു. കൈമാറിയവരില്‍ 14 വര്‍ഷം വരെ തടവില്‍ കഴിഞ്ഞവരും ഒരു കുറ്റവും ചുമത്താതെ ജയിലിലടക്കപ്പെട്ടവരുമുണ്ട്. പുതിയ കൈമാറ്റത്തോടെ ഗ്വണ്ടാനമോ ജയിലിലെ തടവുകാരുടെ എണ്ണം 61 ആയി ചുരുങ്ങി. 2002ല്‍ 800ഓളം തടവുകാരുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റായി ബറാക് ഒബാമ ഭരണമേല്‍ക്കുമ്പോള്‍ ജയിലില്‍ 242 പേരാണുണ്ടായിരുന്നത്. ഇപ്പോഴത്തെ കൈമാറ്റമടക്കം മൊത്തം 200ഓളം പേരെയാണ് ഒബാമയുടെ ഭരണകാലത്ത് ഗ്വണ്ടാനമോയില്‍നിന്ന് മാറ്റിയത്.

ജോര്‍ജ് ഡബ്ള്യു. ബുഷ് സര്‍ക്കാര്‍ 532 പേരെ വിട്ടയച്ചിരുന്നു. ഒബാമ 2009ല്‍ അധികാരമേറ്റ ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണ് ഇപ്പോഴത്തേത്. അടുത്ത വര്‍ഷം ജനുവരിയില്‍ പദവിയില്‍നിന്നൊഴിയുന്ന ഒബാമ അധികാരമേറ്റയുടന്‍ ഗ്വണ്ടാനമോ ജയില്‍ സംവിധാനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗ്വണ്ടാനമോ ജയില്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ നല്‍കുന്ന പിന്തുണക്ക് അമേരിക്കന്‍ സര്‍ക്കാര്‍ നന്ദിയുള്ളവരാണെന്ന് പെന്‍റഗണ്‍ പറഞ്ഞു. അതേസമയം, വിദേശകാര്യ സഭാ ചെയര്‍മാനും റിപ്പബ്ളിക്കന്‍ പാര്‍ട്ടി പ്രതിനിധിയുമായ എഡ് റോയ്സ് ഒബാമയുടെ നീക്കത്തെ വിമര്‍ശിച്ചു.

ഇത് അമേരിക്കക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൈമാറ്റം ചെയ്ത തടവുകാരെ നിരീക്ഷിക്കുന്നതിനും മറ്റുമുള്ള ചെലവിലേക്കായി ലക്ഷം ഡോളര്‍ വരെ വിദേശ സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതായി മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

യു.എ.ഇക്ക് കൈമാറിയ തടവുകാര്‍ക്ക് പുനരധിവാസ മാതൃകാ സംവിധാനം നടപ്പാക്കും. അവര്‍ക്ക് മിതവാദി മതപണ്ഡിതരുടെ സേവനം ലഭ്യമാക്കും. സാഹിത്യപഠനവും തൊഴില്‍ പരിശീലനവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.