ബംഗ്ളാദേശില്‍ മുന്‍ ജമാഅത്ത് നേതാവിന് വധശിക്ഷ

ധാക്ക: യുദ്ധക്കുറ്റം ആരോപിച്ച് ബംഗ്ളാദേശ് സര്‍ക്കാര്‍ മുന്‍ ജമാഅത്തെ ഇസ്ലാമി നേതാവും എം.പിയുമായ ശെഖാവത് ഹുസൈന് വധശിക്ഷ വിധിച്ചു. 1971ല്‍ പാകിസ്താനെതിരായ വിമോചന യുദ്ധത്തില്‍ മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയതായി ആരോപിച്ചാണ് പ്രത്യേക ട്രൈബ്യൂണല്‍ ശെഖാവത് ഹുസൈന് വധശിക്ഷ വിധിച്ചത്. കേസില്‍ ഏഴു പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.തട്ടിക്കൊണ്ടുപോകല്‍, തടങ്കലിലിടല്‍, പീഡനം, ബലാത്സംഗം, കൊല തുടങ്ങിയ കുറ്റങ്ങളാണ് ശെഖാവത്തിനുമേല്‍ ചുമത്തിയത്.

ജീവപര്യന്തം ശിക്ഷ ലഭിച്ചവര്‍ക്കെതിരിലും സമാന കുറ്റങ്ങളാണ് ചുമത്തിയത്. തൂക്കിലേറ്റിയോ വെടിവെച്ചോ ശെഖാവത്തിന്‍െറ ശിക്ഷ നടപ്പാക്കാന്‍ ജസ്റ്റിസ് അന്‍വാറുല്‍ ഹഖ് നേതൃത്വം നല്‍കുന്ന ബംഗ്ളാദേശ് ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.  ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗത്തിന്‍െറ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു ശെഖാവത്. യുദ്ധസമയത്ത് പാക് സൈന്യത്തെ സഹായിക്കുന്നതിന് പ്രാദേശിക കമാന്‍ഡറായി ഇദ്ദേഹം പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. ഇദ്ദേഹം പിന്നീട് ജമാഅത്തെ ഇസ്ലാമി വിട്ട് മുന്‍ പ്രധാനമന്ത്രി ഖാലിദാ സിയയുടെ ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഇദ്ദേഹം ജാതീയ പാര്‍ട്ടിയില്‍ ആയിരുന്നു.

ബിലാല്‍ ഹുസൈന്‍, ഇബ്രാഹിം ഹുസൈന്‍, ശൈഖ് മുജീബുര്‍റഹ്മാന്‍, അബ്ദുല്‍ അസീസ് സര്‍ദാര്‍, ക്വാസി ഉഹിദുല്‍ ഇസ്ലാം, അസീസ് സര്‍ദാര്‍, അബ്ദുല്‍ ഖാലിക്ക് മോറോല്‍ എന്നിവര്‍ക്കാണ് തടവു ശിക്ഷ ലഭിച്ചത്. ഇവരില്‍ ഭൂരിഭാഗംപേരും ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ്. കുറ്റാരോപിതനായ മറ്റൊരാള്‍ മേയ് ആറിന് പൊലീസ് കസ്റ്റഡിയില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. യുദ്ധക്കുറ്റം ആരോപിച്ച് ബംഗ്ളാ സര്‍ക്കാര്‍ ഇതുവരെ നാലു പ്രമുഖ നേതാക്കളെ തൂക്കിക്കൊലക്കു വിധേയമാക്കി. യുദ്ധക്കുറ്റങ്ങളില്‍ വിചാരണ നടക്കുന്ന ബംഗ്ളാദേശ് ഇന്‍റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ നടപടികള്‍ സുതാര്യമല്ളെന്ന് നേരത്തെ ആനംസ്റ്റി ഇന്‍റര്‍ നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.