സൗദിയിലെ സൈഹാതില്‍ ശിയാ പള്ളിക്കു സമീപം ആക്രമണം: അഞ്ചു മരണം

ദമ്മാം: കിഴക്കന്‍ സൗദിയിലെ ഖതീഫിനടുത്ത സൈഹാതില്‍ അക്രമിയുടെ വെടിയേറ്റ് അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൈഹാതിലെ ഹൈദരിയ്യയില്‍ ശിയാ പള്ളിക്കു സമീപം ആയുധവുമായി പ്രത്യക്ഷപ്പെട്ട അക്രമി അലക്ഷ്യമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇയാളെ പിന്നീട് ഏറ്റുമുട്ടലില്‍ സുരക്ഷാസേന കൊലപ്പെടുത്തിയെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് റിയാദില്‍ അറിയിച്ചു. പള്ളിയില്‍ നിന്നു നമസ്കാരം കഴിഞ്ഞിറങ്ങുന്ന സ്ത്രിയടക്കം അഞ്ചു പേരാണ് വെടിയേറ്റ് മരിച്ചത്.

മരിച്ചവരുടെയോ അക്രമിയുടെയോ പേരുവിവരങ്ങള്‍ വക്താവ് വെളിപ്പെടുത്തിയില്ല. മുഹറം മാസം പിറന്നതോടെ ശിയാ ഭൂരിപക്ഷ മേഖലയായ ഖതീഫില്‍ ശിയാ ആഘോഷങ്ങള്‍ തുടങ്ങുന്ന വേളയിലാണ് ആക്രമണം. അക്രമിയുടെ സഹായികളെന്നു സംശയിക്കുന്ന രണ്ടു പേരെ സുരക്ഷാസേന പിടികൂടിയിട്ടുണ്ട്.

അതേസമയം സൈഹാത് ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് ഐ.എസ് ഭീകരര്‍ ഉത്തരവാദിത്തമേറ്റതായി അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഐ.എസ് സംഘത്തിലെ ശുജാഅ് അദ്ദൂസരിയാണ് ആക്രമണം സംഘടിപ്പിച്ചതെന്ന് അവര്‍ അറിയിച്ചു. ബുസൈന അല്‍ അബ്ബാദ്, അയ്മന്‍ അല്‍ അജ്മി, അബ്ദുല്ല അല്‍ജാസിം, അബ്ദുസ്സത്താര്‍ അബൂസാലിഹ്, അലി സുലൈം എന്നിവരാണ് മരിച്ചതെന്ന് ‘അല്‍ അറബിയ്യ’ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.