വസീറിസ്താനില്‍ സൈനിക ചെക്പോയന്‍റില്‍ ഏറ്റുമുട്ടല്‍; 11 മരണം

ഇസ്ലാമാബാദ്: വടക്കു കിഴക്കന്‍ പാകിസ്താനില്‍ വസീറിസ്താനിനടുത്ത ആദിവാസിമേഖലയിലെ ചെക്പോയന്‍റില്‍ സൈന്യവും താലിബാനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് സൈനികരും ആറ് താലിബാന്‍കാരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ച മുതല്‍ വസീറിസ്താന്‍െറ വടക്ക്, തെക്ക് അതിര്‍ത്തിയിലെ വനമേഖലകളില്‍  സൈന്യം പ്രത്യേക അന്വേഷണം  ആരംഭിച്ചിരുന്നു. ഇതിനിടയില്‍ ഒരു സംഘം ആയുധധാരികള്‍ സൈന്യത്തിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഈ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് മണിക്കൂറുകള്‍ക്കുമുമ്പ് ലഫ്. കേണല്‍ ഉള്‍പ്പെടെ രണ്ടു സുരക്ഷ ഉദ്യോഗസ്ഥര്‍ ഷവാല്‍വാലിയില്‍ കൊല്ലപ്പെട്ടതായും ആറ് സായുധപോരാളികളെ വധിച്ചതായും പാക് സൈനിക വക്താക്കള്‍ സൂചിപ്പിച്ചു. ആക്രമണം താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ വടക്കന്‍ വസീറിസ്താന്‍ മേഖലയില്‍ താലിബാന്‍ സൈനിക പോരാട്ടം ശക്തിപ്പെടുത്തിയിരിക്കയാണ്. ഈ  മേഖലയില്‍ താലിബാന്‍െറ സൈനിക പരിശീലന ക്യാമ്പും യുദ്ധസാമഗ്രികള്‍ ശേഖരിച്ചുവെക്കുന്ന സ്ഥലവും വ്യോമാക്രമണത്തില്‍ തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.