നേപ്പാളില്‍ സംഘര്‍ഷം; 20 മരണം, 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ കൈലാലി ജില്ലയില്‍ പ്രത്യേക പ്രവിശ്യ ആവശ്യപ്പെട്ടുള്ള സമരത്തിനിടെ സുരക്ഷാ വിഭാഗവും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 17 പൊലീസുകാരുള്‍പ്പെടെ 20 മരണം. സീനിയര്‍ പൊലീസ് സൂപ്രണ്ട്, രണ്ട് ഇന്‍സ്പെക്ടര്‍മാര്‍, ഹെഡ്കോണ്‍സ്റ്റബ്ള്‍ എന്നിവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കൈലാലിയില്‍ തറുഹട് പ്രവിശ്യയുമായി ബന്ധപ്പെട്ട സമരമാണ് അക്രമത്തില്‍ കലാശിച്ചത്. പ്രദേശത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ച കര്‍ഫ്യൂ ഭേദിക്കാന്‍ തറു വിഭാഗത്തില്‍പെട്ട പ്രക്ഷോഭകര്‍ ശ്രമംനടത്തുകയായിരുന്നു. സായുധ പൊലീസ് ഹെഡ് കോണ്‍സ്റ്റബ്ളിനെ അക്രമികള്‍ ചുട്ടുകൊന്നപ്പോള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടിനെ കുന്തംകൊണ്ട് ആക്രമിച്ചാണ് വധിച്ചത്. പ്രദേശത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തറു വിഭാഗക്കാര്‍ എല്ലാ ഭാഗങ്ങളില്‍നിന്നും വളഞ്ഞ് ആക്രമിക്കുകയായിരുന്നു. രക്തകലുഷിതമായതോടെ പ്രദേശത്ത് സൈന്യത്തെ വിന്യസിക്കുമെന്ന് ആഭ്യന്തരമന്ത്രി രാംദേവ് ഗൗതം പറഞ്ഞു.

പുതിയ ഭരണഘടനക്ക് രൂപംനല്‍കുന്ന പ്രക്രിയ തുടരുന്ന നേപ്പാളില്‍ ആറു പ്രവിശ്യകളാണ് പദ്ധതിയിട്ടിരിക്കുന്നത്. തറുഹട് പ്രവിശ്യ ഇതില്‍ ഉള്‍പ്പെടുമെങ്കിലും തറു സമുദായക്കാര്‍ക്ക് മേല്‍ക്കൈയുള്ള കൈലാലി, കാഞ്ചന്‍പൂര്‍ ജില്ലകളെ ഇതില്‍നിന്ന് മാറ്റിനിര്‍ത്തിയത് അംഗീകരിക്കാനാവില്ളെന്ന് സമരക്കാര്‍ പറയുന്നു. തറുഹട് പ്രവിശ്യയില്‍ ഇവകൂടി ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.