വിക്രമസിംഗെ വീണ്ടും അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയില്‍ റനില്‍ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി (എസ്.എല്‍.എഫ്.പി) പിന്തുണ അറിയിച്ചതോടെയാണ് 66 കാരനായ വിക്രമസിംഗെ കേവല ഭൂരിപക്ഷവുമായി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സിരിസേനയുടെ സാന്നിധ്യത്തില്‍ ബുദ്ധമതാചാരപ്രകാരമായിരുന്നു ചടങ്ങ്. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യു.എന്‍.പി) കേവല ഭൂരിപക്ഷത്തിന് ഏഴു സീറ്റ് അരികെയത്തെിയിരുന്നു. എസ്.എല്‍.എഫ്.പി പിന്തുണ നല്‍കിയതോടെ നേരത്തേ തുടങ്ങിയ ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാന്‍ സിരിസേനക്ക് എളുപ്പമാകും. തെരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുന്നതുള്‍പ്പെടെ നടപടികള്‍ക്ക് ഇനി വേഗമേറുമെന്നാണ് പ്രതീക്ഷ.

അഭിഭാഷക പട്ടം മാറ്റിവെച്ച് രാഷ്ട്രീയത്തിലത്തെിയ വിക്രമസിംഗെ ലങ്കയിലെ വംശീയ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം വേണമെന്ന നിലപാടുകാരനായിരുന്നു. 2002ല്‍ എല്‍.ടി.ടി.ഇയുമായി സമാധാന ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയ വിക്രമസിംഗെ നാലാം തവണയാണ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

മുന്‍ പ്രസിഡന്‍റ് രണസിംഗെ പ്രേമദാസ കൊല്ലപ്പെട്ട ശേഷം 1993-1994 കാലത്താണ് ആദ്യമായി പ്രധാനമന്ത്രി പദത്തിലത്തെുന്നത്. 2001-2004 കാലയളവില്‍ വീണ്ടും പ്രധാനമന്ത്രിയായി. 2004ല്‍ ചന്ദ്രിക കുമാരതുംഗെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അധികാരം നഷ്ടമായി. ഈ കാലയളവിലാണ് എല്‍.ടി.ടി.ഇയുമായി ചര്‍ച്ചകള്‍ക്ക് ഗതിവേഗം ലഭിച്ചത്. 1949ല്‍ ജനിച്ച വിക്രമസിംഗെ 28ാം വയസ്സില്‍ 1977ലാണ് ആദ്യമായി പാര്‍ലമെന്‍റിലത്തെിയത്. അയല്‍ക്കാരായ ഇന്ത്യയുമായി നയതന്ത്ര സൗഹൃദം കൂടുതല്‍ രൂഢമാക്കുമെന്ന് ഇന്നലെ അധികാരമേറ്റ ശേഷം വിക്രമസിംഗെ പറഞ്ഞു. മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സയെയാണ് വിക്രമസിംഗെ തെരഞ്ഞെടുപ്പില്‍ പിറകിലാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.