ഡമസ്കസ്: സിറിയന്‍ തലസ്ഥാനത്തിനടുത്ത് സര്‍ക്കാര്‍ സേനയും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍െറ വ്യോമാക്രമണത്തില്‍ 37 പ്രദേശവാസികളും വിമതരുടെ ആക്രമണത്തില്‍ 13ഓളം പേരും കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടന അറിയിച്ചു. വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഖൗത മേഖലയിലാണ് സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. 120 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ വര്‍ധിക്കുമെന്ന് സംഘടന വ്യക്തമാക്കി.

തലസ്ഥാനത്തിനു പുറത്തുള്ള വിമതരുടെ ശക്തികേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ഡമസ്കസിലേക്ക് വിമതര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതാണ് ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. വിമതരുടെ ആക്രമണത്തില്‍ 10 പ്രദേശവാസികളുള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50ലധികം റോക്കറ്റുകള്‍ ഡമസ്കസില്‍ പതിച്ചു. 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ചികിത്സാ സഹായത്തിനായി വടക്കു പടിഞ്ഞാറുള്ള പട്ടണങ്ങളില്‍ ബുധനാഴ്ച രാവിലെ മുതല്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു. സര്‍ക്കാറും വിമതരും തമ്മിലുള്ള ധാരണപ്രകാരമാണ് വെടിനിര്‍ത്തലിന് തീരുമാനമായത്.
മറ്റൊരു സംഭവത്തില്‍ 2013 മുതല്‍ ഐ.എസ് പിടിയിലുള്ള സൈനികരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അസദ് അനുകൂലികള്‍ ധര്‍ണ നടത്തി. തര്‍തുസ് നഗരത്തിലാണ് ആളുകള്‍ പ്ളക്കാഡുകളും ബാനറുമുയര്‍ത്തി പ്രതിഷേധിച്ചത്. വടക്കന്‍ സിറിയയിലെ അല്‍ ബാബ് പട്ടണത്തിലെ വിമാനത്താവളത്തിലാണ് പട്ടാളക്കാരെ ബന്ദിയാക്കിവെച്ചിരിക്കുന്നത്. 300നും 500നും ഇടയില്‍ സൈനികരാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.