സ്വകാര്യ വിമാനം തകര്‍ന്ന് ലാദന്‍െറ ബന്ധുക്കള്‍ മരിച്ചു

ലണ്ടന്‍: സ്വകാര്യ വിമാനം തകര്‍ന്ന് വീണ് ഉസാമ ബിന്‍ ലാദന്‍െറ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. പൈലറ്റും മൂന്നു യാത്രികരുമാണ് അപകടത്തില്‍ മരിച്ചതെന്ന് ബ്രിട്ടണ്‍ ഹാംഷെയര്‍ പൊലീസ് സര്‍വീസ് സ്ഥിരീകരിച്ചു. ഇറ്റലിയെ മിലാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ജെറ്റ് വിമാനം ഹാംഷെയറിലെ ബ്ളാക്ബുഷെ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് തകര്‍ന്നു വീണത്.

ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സലിം ഏവിയേഷന്‍െറ എംബ്രയര്‍ ഫിനോം 300 ജെറ്റ് വിമാനമാണ് തകര്‍ന്നു വീണതെന്ന് സൗദി അറേബ്യ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൗദിക്ക് കൈമാറും. അപകട കാരണത്തെകുറിച്ച് ബ്രിട്ടീഷ് അധികൃതര്‍ അന്വേഷണം നടത്തുമെന്ന് സൗദി ദിനപത്രം ഹയാത്ത് റിപ്പോര്‍ട്ട് ചെയ്തു.


ലാദന്‍ കുടുംബാംഗങ്ങളുടെ ദാരുണ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ബ്രിട്ടണിലെ സൗദി സ്ഥാനപതി മുഹമ്മദ് ബിന്‍ നവാഫ്് അല്‍ സൗദ് രാജകുമാരന്‍, മരിച്ചവരുടെ പേരുവിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ളെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.

സൗദിയിലെ വന്‍കിട ബിസിനസുകാരാണ് ലാദന്‍ ഗ്രൂപ്പ്. മൂന്നാം തവണയാണ് ലാദന്‍ കുടുംബാംഗങ്ങള്‍ വിമാനാപകടത്തില്‍ മരണപ്പെടുന്നത്. 1967 സെപ്റ്റംബര്‍ മൂന്നിന് ഉസാമ ബിന്‍ ലാദന്‍െറ പിതാവ് മുഹമ്മദ് ബിന്‍ ലാദനും 1988ല്‍ സഹോദരന്‍ സലിം ബിന്‍ ലാദനും വിമാനാപകടങ്ങളിലാണ് മരണപ്പെട്ടത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.