അമേരിക്കയെ നയിക്കാന്‍ ഏറ്റവും യോഗ്യ ഹിലരി തന്നെ –ഒബാമ

ഫിലഡെല്‍ഫിയ: അമേരിക്കയെ നയിക്കാന്‍ ഹിലരിയോളം പോന്ന മറ്റൊരു സ്ത്രീയും പുരുഷനും നിലവിലില്ളെന്നു യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. ഫിലഡെല്‍ഫിയ ദേശീയ കണ്‍വെന്‍ഷനിടെ ഒബാമയുടെ വാക്കുകളെ ഡെമോക്രാറ്റുകള്‍ ആവേശത്തോടെ സ്വീകരിക്കവെ ഹിലരി ക്ളിന്‍റന്‍ സ്റ്റേജില്‍ അദ്ദേഹത്തിന്‍െറ തൊട്ടരികിലത്തെി. പ്രഥമ പുരുഷന്‍െറ വലിയ വാക്കുകള്‍ക്ക് നന്ദിയായി ഹിലരിയുടെ ആശ്ളേഷം കാണികളെ ഹര്‍ഷാരവം കൊള്ളിച്ചു. സെക്രട്ടറി ഓഫ് സ്റ്റേറ്റിന്‍െറ ചുമതല ഭംഗിയാക്കിയ ഹിലരിക്ക് മികച്ച പ്രസിഡന്‍റാവാന്‍ കഴിയും. മുന്നിലുള്ള കസേരകളിലിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആഗോള പ്രതിസന്ധികളെ കുറിച്ചോ യുവാക്കളെ യുദ്ധത്തിലേക്ക് അയക്കുന്നതിനെ കുറിച്ചോ അറിയില്ല.

എന്നാല്‍, അത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ആ കൂട്ടത്തില്‍ ഹിലരിയും ഉണ്ടായിരുന്നു. വിദ്വേഷത്തെ തള്ളിപ്പറയാനും ഭയം ഇല്ലാതാക്കുന്നതിനും ഹിലരിയെ പ്രസിഡന്‍റായി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ കൂടെ നില്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ ഒരിക്കല്‍പോലും ഒളിച്ചോടിയില്ല. അതാണ് ഞാനറിയുന്ന ഹിലരി. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോടു പറഞ്ഞത്, അമേരിക്കയെ നയിക്കാന്‍ എന്നെക്കാളും ബില്‍ ക്ളിന്‍റനെക്കാളും മറ്റാരെക്കാളും യോഗ്യത ഹിലരിക്കാണെന്ന്. ജനാധിപത്യം കാണികളുടെ കളിയല്ല.  അമേരിക്കന്‍ ജനത ഭീരുക്കളല്ളെന്ന് ട്രംപ് മനസ്സിലാക്കണം. മുദ്രാവാക്യം മുഴക്കി ഭയം വിതക്കാനാണ് അദ്ദേഹത്തിന്‍െറ ശ്രമം.

ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ തുണ്ടംതുണ്ടമായി വില്‍ക്കുകയാണ്. അമേരിക്കയെയും അമേരിക്കയുടെ മൂല്യങ്ങളെയും ഭീഷണിപ്പെടുത്തുന്നവര്‍, അവര്‍ ഫാഷിസ്റ്റുകളോ കമ്യൂണിസ്റ്റുകളോ തീവ്രവാദികളോ രാജ്യത്തുതന്നെയുള്ള കവലപ്രസംഗകരോ ആരുതന്നെ  ആവട്ടെ, അവരുടെ പതനം അടുത്തിരിക്കുന്നു. അമേരിക്ക എല്ലായ്പ്പോഴും മഹത്തായ രാജ്യമാണ്. നമ്മുടെ ശക്തിയും മാഹാത്മ്യവും ഡൊണാള്‍ഡ് ട്രംപിനെന്നല്ല, ഒരാളെയും ആശ്രയിച്ചുണ്ടായതല്ല. ജനാധിപത്യത്തിന്‍െറ അര്‍ഥമെന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പ്. വാക്കുകളിലുടനീളം ട്രംപിനെ പ്രഹരിച്ച് ഒബാമ തുടര്‍ന്നു. ട്രംപിന് കൃത്യമായ ആസൂത്രണമില്ല.

അദ്ദേഹം ബിസിനസുകാരനെന്നാണ് പരിചയപ്പെടുത്തുന്നത്. കോടതി വ്യവഹാരങ്ങളൊന്നുമില്ലാതെ ജനങ്ങളെ വഞ്ചിക്കാതെ മികച്ച ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത സ്ത്രീകളെയും പ ുരുഷന്മാരെയും എനിക്കറിയാം. അദ്ദേഹം പുടിനോട് അഭയം തേടുന്നു. സദ്ദാം ഹുസൈനെ പ്രകീര്‍ത്തിക്കുന്നു. നാറ്റോ സഖ്യകക്ഷികളോടു സംരക്ഷണം വേണമെങ്കില്‍ ഫീസ് നല്‍കണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്ക ഇപ്പോള്‍തന്നെ വളരെ ശക്തമായ രാജ്യമാണ്. അമേരിക്കന്‍ സൈന്യത്തെ ‘ദുരന്ത’മെന്നാണ് ട്രംപ് വിളിച്ചത്. രാജ്യത്തിനുവേണ്ടി പോരാടുന്ന സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ളെങ്കിലും ലോകത്തിനറിയാം. ട്രംപ് പറയുന്നത് രാജ്യം ദുര്‍ബലമാണെന്നാണ്. എന്നാല്‍, സ്വാതന്ത്യത്തിന്‍െറ വെളിച്ചത്തിനായി അമേരിക്കയിലേക്ക് ദശലക്ഷക്കണക്കിനാളുകള്‍ അഭയം തേടി വന്നതിനെക്കുറിച്ച് ട്രംപ് കേട്ടിട്ടുണ്ടാവില്ല.അമേരിക്കന്‍ സൈന്യത്തെക്കുറിച്ച് ട്രംപിന് ഒന്നുമറിയില്ല.

അമേരിക്കയുടെ ഭാവിയെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. ലോകം ബഹുമാനിക്കുന്ന നേതാവാണ് ഹിലരി. ഐ.എസിനെ തുടച്ചുനീക്കാന്‍ ഹിലരിക്ക് കഴിയും.  ഹൃദയശൂന്യതയും ഭയവും തള്ളിക്കളഞ്ഞ് ഹിലരി ക്ളിന്‍റനെ പ്രസിഡന്‍റായി തെരഞ്ഞെടുക്കൂ. തന്നോടൊപ്പം ഈ യാത്രയില്‍ പങ്കാളികളായവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പറഞ്ഞാണ് ഒബാമ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.