ട്രംപിനെ അനുകൂലിച്ചും എതിര്‍ത്തും റാലി

ക്ളീവ്ലന്‍ഡ്: പ്രസിഡന്‍റ് സ്ഥാനാര്‍ഥിയെ ഒൗപചാരികമായി നിശ്ചയിക്കുന്നതിനു ക്ളീവ്ലന്‍ഡ് നഗരത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ ചേരുന്നതിനിടെ ഡൊണാള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നഗരത്തില്‍ വെവ്വേറെ റാലി നടത്തി. സംഭ്രമം മുറ്റിനിന്ന അന്തരീക്ഷത്തിലായിരുന്നു റാലികള്‍. എന്നാല്‍, അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ളെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തോക്കുകള്‍ ബെല്‍റ്റുകളില്‍ തിരുകിയായിരുന്നു ഡസനോളം യുവാക്കള്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ച റാലിയില്‍ അണിനിരന്നത്. തോക്കുകളേന്തി നടത്തുന്ന പ്രകടനങ്ങള്‍ക്ക് ഒഹായോ സംസ്ഥാനത്ത് വിലക്കില്ല. പ്രകടനക്കാരില്‍ ചിലര്‍ പൊലീസിനെ അഭിവാദ്യം ചെയ്തപ്പോള്‍ മറ്റു ചിലര്‍ ശകാരവര്‍ഷം ചൊരിഞ്ഞു.

നാലു ദിവസത്തെ റിപ്പബ്ളിക്കന്‍ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് ക്ളീവ്ലന്‍ഡില്‍ കനത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ ഒരുക്കിയിരുന്നു. തെരുവുകളിലുടനീളം പൊലീസ് ബാരിക്കേഡുകള്‍ സജ്ജീകരിച്ചു. സുരക്ഷാ ചുമതലക്കുവേണ്ടി പ്രത്യേകമായി 600 ഓഫിസര്‍മാരെ നിയോഗിച്ചായി പൊലീസ് മേധാവികള്‍ അറിയിച്ചു.

റാലിയോടനുബന്ധിച്ച് തോക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്ന് പൊലീസ് വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും റിപ്പബ്ളിക്കന്‍ കക്ഷിക്കാരനായ ഗവര്‍ണര്‍ നിര്‍ദേശം നിരാകരിക്കുകയായിരുന്നു. അമേരിക്കയില്‍ പൊലീസിനുനേരെ ഈയിടെയുണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിരോധാഭ്യര്‍ഥന.ഡംപ് ട്രംപ് നൗ (ട്രംപിനെ ഇപ്പോള്‍ കുഴിച്ചുമൂടുക), നോ ഫാഷിസം, നോ റാസിസം, നോ ട്രംപ് തുടങ്ങിയവയാണ് ട്രംപ് വിരുദ്ധ റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയുടെ വംശീയ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രൊഫറ്റ്സ് ഓഫ് റേജ് എന്ന സംഗീത ട്രൂപ് നഗരത്തില്‍ കച്ചേരി നടത്തി. മനുഷ്യാവകാശ സംരക്ഷണത്തിനും അടിച്ചമര്‍ത്തലിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരമൊരു കച്ചേരിയെന്ന് ട്രൂപ് മേധാവി ടോം മോറെല്ളോ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.