യമന്‍: സഖ്യസേനയെയും ഹൂതികളെയും വിമര്‍ശിച്ച് യു.എന്‍ റിപ്പോര്‍ട്ട്

ന്യൂയോര്‍ക്: യമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ സര്‍ക്കാറിനും ഹൂതികള്‍ക്കും അറബ് സഖ്യസേനക്കും വീഴ്ചപറ്റിയെന്ന വിമര്‍ശവുമായി യു.എന്‍ റിപ്പോര്‍ട്ട്. ഹൂതികള്‍ സിവിലിയന്മാരെ മനുഷ്യകവചങ്ങളായി ഉപയോഗിച്ചെന്നും അറബ് സഖ്യസേന കുട്ടികള്‍ക്കുനേരെ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. അസോസിയേറ്റഡ് പ്രസാണ് രഹസ്യറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആറു മാസത്തിനിടയിലുള്ള സംഭവങ്ങളാണ് 14 അംഗ യു.എന്‍ അന്വേഷണസംഘം പഠനവിധേയമാക്കിയത്. ഇതിനിടയില്‍ ഇരു കക്ഷികളും അന്താരാഷ്ട്ര മാനവിക നിയമങ്ങള്‍ കാറ്റില്‍പറത്തിയതായി യു.എന്‍ രക്ഷാസമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
വ്യോമാക്രമണങ്ങള്‍ സാധാരണക്കാരെ ലക്ഷ്യംവെച്ചുള്ളതല്ളെന്ന് അറബ് സഖ്യസേന നിരന്തരം അവകാശപ്പെട്ടിരുന്നു. ഇത് നിരാകരിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യു.എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന വ്യോമാക്രമണങ്ങളില്‍ രണ്ടെണ്ണത്തില്‍ വീഴ്ച സംഭവിച്ചതായി  സഖ്യസേനയില്‍ ബഹ്റൈന്‍ വിഭാഗത്തിന്‍െറ വക്താവായ മന്‍സൂര്‍ അല്‍ മന്‍സൂര്‍ റിയാദില്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഒഴിവാക്കാന്‍ ഹൂതികള്‍ ജനവാസകേന്ദ്രങ്ങളെ ആയുധങ്ങള്‍ക്കും പോരാളികള്‍ക്കും താവളമാക്കി. സിവിലിയന്മാര്‍ക്കുള്ള സഹായം നല്‍കുന്നതില്‍നിന്ന് സന്നദ്ധസംഘടനകളെ തടഞ്ഞു. സര്‍ക്കാര്‍ ദുര്‍ബലമായതോടെ, അല്‍ഖാഇദ അവസരം മുതലെടുത്ത്് വളരുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
യമന്‍ കൂടാതെ, സൈനിക നടപടിയില്‍ ഭാഗമായ ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് യു.എന്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.