വാഷിങ്ടൺ: അമേരിക്കൻ സൈനീകർക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യം ‘വാരിയർ ഡിവിഡൻറ്’ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഓരോരുത്തർക്കും 1776 ഡോളർ വീതമാണ് നൽകുക. യു.എസിന്റെ സ്ഥാപക വർഷമായ 1776 ന്റെ പ്രതീകമായാണ് തുക നിർണയിച്ചിരിക്കുന്നത്. 1.45 ദശലക്ഷം സൈനീകർക്ക് ക്രിസ്മസിന് മുമ്പ് തുക അക്കൗണ്ടുകളിൽ നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
സൈനീകരുടെ ത്യാഗത്തിനും സേവനത്തിനുമുള്ള ആദരമായാണ് ഡിവിഡന്റ് പ്രഖ്യാപിക്കുന്നതെന്ന് ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ട്രംപ് പറഞ്ഞു. ‘താരിഫ് കൊണ്ട് തന്നെ, ഒരു വലിയ മനോഹരമായ ബില്ലിനൊപ്പം, ഇന്ന് രാത്രി, 1,450,000 ത്തിലധികം സൈനികർക്ക് പ്രത്യേക ഡിവിഡന്റ് പ്രഖ്യാപിക്കുന്നു. 1776 ൽ യു.എസ് സ്ഥാപിതമായതിന്റെ ഓർമയെ ബഹുമാനിച്ചുകൊണ്ട് ഓരോ പോരാളിക്കും 1,776 ഡോളർ ഡിവിഡന്റ് ക്രിസ്മസിന് മുമ്പ് നൽകും. പരിശോധനകൾ നടന്നുവരികയാണ്. മറ്റുള്ളവർ ചിന്തിക്കുന്നതിനേക്കാൾ വളരെയധികം പണം നമ്മൾ താരിഫിലൂടെ സമ്പാദിച്ചിട്ടുണ്ട്. താരിഫും ബില്ലും നമ്മളെ വളരെയധികം സഹായിച്ചു. സൈനീകരാണ് ഈ ആനുകൂല്യത്തിന് ഏറ്റവും അർഹതയുള്ളവർ. എല്ലാവർക്കും ആശംസകൾ,’ ട്രംപ് പറഞ്ഞു.
നവംബർ 30 വരെ യു.എസ് സൈന്യത്തിൽ വിവിധ ഗ്രേഡുകളിലായി സേവനമനുഷ്ഠിച്ചവരും തുടരുന്നവരുമായ എല്ലാ സൈനീകരും ഡിവിഡന്റിന് അർഹരാണ്. ഇതിന് പുറമെ, നിലവിൽ സേവനത്തിലുള്ള റിസർവ് കമ്പോണന്റ് അംഗങ്ങൾക്കും ആനുകൂല്യം ലഭിക്കും.
1776 ജൂലൈ നാലിനാണ് ഫിലാഡെൽഫിയയിൽ ചേർന്ന കോണ്ടിനെന്റൽ കോൺഗ്രസ് ഔദ്യോഗികമായി തോമസ് ജെഫേഴ്സന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിച്ചത്. ഇതനുസരിച്ച് 13 അമേരിക്കൻ കോളനികൾ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വതന്ത്രരായി.
അക്കാലത്ത്, അമേരിക്കയിൽ, ന്യൂ ഹാംഷെയർ, മസാച്ചുസെറ്റ്സ്, റോഡ് ഐലന്റ്, കണക്റ്റിക്കട്ട്, ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവാനിയ, ഡെലവെയർ, മേരിലാൻഡ്, വിർജീനിയ, നോർത്ത് കരോലിന, സൌത്ത് കരോലിന, ജോർജിയ എന്നിങ്ങനെ 13 കോളനികളാണ് ഉണ്ടായിരുന്നത്. 1776 ജൂലൈ രണ്ടിന് വിർജീനിയ പ്രതിനിധി റിച്ചാർഡ് ഹെൻറി ലീ അവതരിപ്പിച്ച പ്രമേയത്തിന് കോൺഗ്രസ് അംഗീകാരം നൽകിയതോടെയാണ് ബ്രിട്ടനുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നിർണ്ണായക വോട്ടെടുപ്പ് പൂർത്തിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.