വാഷിങ്ടൺ: പത്ത് മാസങ്ങൾക്കിടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. എല്ലാം സാധ്യമായത് തന്‍റെ തീരുവ നയത്തിലൂടെയാണെന്നും ഇംഗ്ലിഷിൽ തന്‍റെ പ്രിയപ്പെട്ട വാക്ക് ‘താരിഫ്’ ആണെന്നും രാജ്യത്തെ സംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു.
“അമേരിക്കയുടെ ശക്തി ഞാൻ പുനഃസ്ഥാപിച്ചു. പത്ത് മാസത്തിനിടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. ഇറാന്‍റെ ആണവ ഭീഷണി ഇല്ലാതാക്കി. ഗസ്സയിലെ യുദ്ധം അവസാനിപ്പിച്ച് 3000 വർഷത്തിനിടെ ആദ്യമായി അവിടെ സമാധാനം കൊണ്ടുവന്നു. ബന്ദികളെ മോചിപ്പിച്ച് അവരുടെ സ്വദേശത്ത് എത്തിച്ചു” -ട്രംപ് അവകാശപ്പെട്ടു. വിവിധ രാജ്യങ്ങൾക്കു മേൽ താരിഫ് ഏർപ്പെടുത്തിയതിലൂടെ ആർക്കും ചിന്തിക്കാൻ കഴിയാത്തത്ര പണം യു.എസ് ഉണ്ടാക്കി. ജോ ബൈഡൻ ഭരണകൂടം കെടുകാര്യസ്ഥത നിറഞ്ഞതായിരുന്നുവെന്നും അതിൽനിന്ന് താൻ രാജ്യത്തെ കരകയറ്റിയെന്നും ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിച്ചുവെന്ന അവകാശവാദവുമായി നേരത്തെയും ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ -പാകിസ്താൻ സംഘർഷമുൾപ്പെടെ താൻ ഇടപെട്ട് അവസാനിപ്പിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇതിനായി വ്യാപാരബന്ധം ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്‍റെ വാദത്തെ ഖണ്ഡിച്ച് ഇന്ത്യ രംഗത്തെത്തി. പാകിസ്താനാകട്ടെ ട്രംപിനൊപ്പം നിലയുറപ്പിച്ചു. പിന്നാലെ സമാധാന നൊബേലിനും യു.എസ് പ്രസിഡന്‍റിനെ അവർ നാമനിദേശം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.