അഭയാര്‍ഥികളോട് കാരുണ്യം കാണിക്കണം -മാര്‍പാപ്പ

വാഷിങ്ടണ്‍: സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളോട് ലോകം കാരുണ്യം കാണിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. യു.എസ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് മാര്‍പാപ്പയുടെ ആഹ്വാനം. അഭയാര്‍ഥികള്‍ ഏറെ വര്‍ധിച്ചിരിക്കുകയാണ്. ഇത് ലോകത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ അവരുടെ എണ്ണം നോക്കാതെ ഇരുകൈയും നീട്ടി അവരെ സ്വീകരിക്കണം. ചരിത്രത്തിലെ തെറ്റുകളും പാപങ്ങളും ആവര്‍ത്തിക്കരുതെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ പോപ്പാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.

അപരിചിതരാണെങ്കിലും സഹായത്തിന് അഭ്യര്‍ഥിക്കുമ്പോള്‍ നാം അവരെ ശ്രദ്ധിക്കണം. അവര്‍ക്ക് നല്‍കാന്‍ സാധിക്കുന്ന തരത്തില്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം. അയല്‍ക്കാരുടെ ആവശ്യങ്ങള്‍ക്കുനേരെ മുഖം തിരിക്കരുത് എന്ന് നാം പഠിപ്പിക്കുന്നതുപോലെ ദുരിതമനുഭവിക്കുന്നവരുടെ അപേക്ഷക്ക് നേരെ നാം മുഖം തിരിക്കരുതെന്നും പാപ്പ പറഞ്ഞു.

അഭയാര്‍ഥികളെ വ്യക്തികളായി കാണണം. ശത്രുതാ മനോഭാവം മാറ്റണം. യു.എസിന് അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍  സാധിക്കുമെന്നും മാര്‍പാപ്പ പറഞ്ഞു. കുടിയേറ്റക്കാരുടെ പുത്രനെന്നാണ് മാര്‍പ്പാപ്പ സ്വയം വിശേഷിപ്പിച്ചത്. ഇറ്റലിയില്‍ നിന്ന് അര്‍ജന്‍റീനയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടില്‍ കുടിയേറി പാര്‍ത്തവരാണ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍.

നേരത്തെ പ്രസിഡന്‍റ് ബറാക് ഒബാമയുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വരെ മാര്‍പാപ്പ യു.എസിലുണ്ടാകും. വെള്ളിയാഴ്ച യു.എന്നിനെ അഭിസംബോധന ചെയ്തുകൊണ്ട് മാര്‍പാപ്പ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.