യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് തടയിട്ട് അംഗരാജ്യങ്ങള്‍. സുരക്ഷാ കൗണ്‍സില്‍ പരിഷ്കരിക്കുന്നതിന് ആധാരമാകാവുന്ന രേഖയില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ വിസമ്മതിച്ചു. യു.എന്‍ ജനറല്‍ അസംബ്ളി പ്രസിഡന്‍റ് സാം കുതേസയാണ് രേഖ യു.എന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തത്. ജമൈക്കയുടെ സ്ഥിരംപ്രതിനിധി കോര്‍ട്ടന രാത്റയെ സര്‍ക്കാറുകള്‍ക്കിടയില്‍ സംഭാഷണം നടത്താന്‍ നിയമിച്ചിരുന്നു.
ജൂലൈ 31 തീയതിയുള്ള കത്തിനോടൊപ്പമാണ് സുരക്ഷാ കൗണ്‍സില്‍ വികസനത്തില്‍ അംഗരാഷ്ട്രങ്ങളുടെ നിലപാടുകളും കൂട്ടിച്ചേര്‍ത്തത്. അതിലാണ് എതിര്‍ക്കുന്ന രാജ്യങ്ങളുടെ പേരുവിവരങ്ങളുമുള്ളത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിന് സഹായകമാകാവുന്ന രാഷ്ട്രങ്ങളെയാണ് സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗങ്ങളാക്കേണ്ടതെന്ന് അമേരിക്കയുടെ യു.എന്‍ അംബാസഡര്‍ സാമന്ത പവര്‍ പറഞ്ഞു. വീറ്റോ അധികാരത്തില്‍ മാറ്റംവരുത്തുന്നതിനെ അമേരിക്ക അനുകൂലിക്കുന്നില്ളെന്ന് അവര്‍ വ്യക്തമാക്കി.
സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ചേര്‍ത്ത് വിപുലീകരിക്കുമെന്ന ഒബാമയുടെ പ്രഖ്യാപനത്തില്‍നിന്നുള്ള അമേരിക്കയുടെ മലക്കംമറിച്ചിലാണിതെന്നാണ് വിലയിരുത്തല്‍. റഷ്യയും ഇന്ത്യന്‍ അംഗത്വത്തെ പിന്താങ്ങിയിരുന്നു. സുരക്ഷാ കൗണ്‍സിലാണ് വിപുലീകരണത്തിന് നടപടിയെടുക്കേണ്ടതെന്നാണ് റഷ്യയുടെ വാദം. അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത നിലനില്‍ക്കെ വിപുലീകരണവുമായി മുന്നോട്ടുപോകുന്നത് ശരിയല്ളെന്നാണ് ചൈനയുടെ ആവശ്യം. സുരക്ഷാ കൗണ്‍സിലിന്‍െറ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് ചൈന അഭിപ്രായപ്പെട്ടു.
ഈവര്‍ഷം 70ാം വാര്‍ഷികം ആഘോഷിക്കുന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. കൗണ്‍സില്‍ അംഗങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, ആഫ്രിക്കന്‍ വന്‍കര പ്രതിനിധി എന്നിവര്‍ക്ക് സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വം വേണമെന്നാണ് ഭൂരിപക്ഷ രാജ്യങ്ങളുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.