യമന്‍: സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു സംഘര്‍ഷം

സന്‍ആ: യമന്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ കുവൈത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഇതോടെ വരുംദിവസങ്ങളില്‍ യമനില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ സാധ്യതയേറി. തലസ്ഥാനമായ സന്‍ആയില്‍ സര്‍ക്കാര്‍ സേനയും വിമത സൈന്യവും തമ്മില്‍ സംഘര്‍ഷം ആരംഭിച്ചിട്ടുണ്ട്.
ഹൂതി വിമതരും മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന സൈന്യവും ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച കരാര്‍ അംഗീകരിക്കില്ളെന്ന് പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. വിമത സൈന്യം തലസ്ഥാന നഗരിയടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് പിന്മാറുകയും പത്തു പേരടങ്ങുന്ന പ്രത്യേക സമിതി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്യണമെന്നതടക്കമുള്ള യു.എന്‍ നിര്‍ദേശങ്ങളാണ് വിമതപക്ഷങ്ങള്‍ തള്ളിയത്.
കഴിഞ്ഞ ദിവസമാണ് 90 ദിവസമായി നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതായി യമനിലേക്കുള്ള യു.എന്‍ പ്രതിനിധി പ്രഖ്യാപിച്ചത്. എന്നാല്‍, താല്‍ക്കാലികമായാണ് ചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നും ഇരുപക്ഷവും സന്നദ്ധമാകുന്നപക്ഷം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ മുന്നോട്ടുവെച്ച കരാര്‍ നേരത്തേ അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ പ്രധാന ആവശ്യമായ മന്‍സൂര്‍ ഹാദിയെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം കരാര്‍ അംഗീകരിക്കുന്നില്ളെന്ന കാരണം പറഞ്ഞാണ് വിമതര്‍ പിന്തുണക്കാതിരുന്നത്. 2012ല്‍ അലി അബ്ദുല്ല സാലിഹ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെയാണ് യമനില്‍ സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.