സുബീൻ ഗാർഗ്
ന്യൂഡൽഹി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക സാക്ഷികളുടെ വിസ്താരം രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ നിർദേശം. കേസിൽ പ്രതിയായ ഇവന്റ് മാനേജർ ശ്യാംകാനു മഹന്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റിയ കോടതി, വിചാരണ നടപടികൾ വേഗത്തിലാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
വിചാരണ നടപടികൾ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന് കോടതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ അധികൃതർക്ക് മേൽ സമ്മർദം ചെലുത്തുമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശ്യാംകാനു മഹന്തയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിൽ, കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ പ്രോസിക്യൂഷൻ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വെച്ച് സുബീൻ ഗാർഗ് മുങ്ങിമരിച്ച സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ശ്യാംകാനു മഹന്തയെ അറസ്റ്റ് ചെയ്തിരുന്നു. ഗാർഗ് സിംഗപ്പൂരിൽ പങ്കെടുത്ത പരിപാടി സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു. മെയ് 29-ന് ഗുവഹാത്തി ഹൈകോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് മഹന്ത സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ ദിവസേന നടക്കുന്നുണ്ടെന്നും വരും ആഴ്ചകളിൽ നിർണായക സാക്ഷികളെ വിസ്തരിക്കുമെന്നും അസം അഡ്വക്കേറ്റ് ജനറൽ ദേവജിത് സൈക കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ബെഞ്ച് ജാമ്യാപേക്ഷ ഒക്ടോബർ 12ലേക്ക് മാറ്റിയത്.
മഹന്തക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ദാവെ, സുബീൻ മരിച്ച സ്ഥലത്ത് തന്റെ കക്ഷിയുണ്ടായിരുന്നില്ലെന്ന് വാദിച്ചു. ഇതൊരു മുങ്ങിമരണമാണെന്നും ആകെ 394 സാക്ഷികളിൽ 94 പേരെ മാത്രമേ ഇതുവരെ വിസ്തരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിംഗപ്പൂരിലെ ദൃക്സാക്ഷികളെ ആരെയും ഇതുവരെ വിസ്തരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരമുള്ള വിഷയമായതിനാലാണ് സംസ്ഥാന സർക്കാർ ഇതിൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും, ജനപ്രിയ ഗായകന്റെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന ഉറപ്പ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ സാക്ഷികളുടെ വലിയൊരു പട്ടിക കോടതി പരിശോധിക്കുകയുണ്ടായി. തുടർന്ന് അടുത്ത രണ്ടാഴ്ചക്കുള്ളിൽ ദൃക്സാക്ഷികൾ തങ്ങളുടെ മൊഴികൾ രേഖപ്പെടുത്തുമെന്ന് അസം അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇനി 11 നിർണായക സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക ഗൂഢാലോചന ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ സൈക, സിംഗപ്പൂർ പരിപാടിക്ക് പോകാൻ സുബീൻ വിസമ്മതിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നത് മഹന്തയുടെ പങ്ക് സംശയാസ്പദമാക്കുന്നുവെന്നും വാദിച്ചു. വെള്ളവുമായി ബന്ധപ്പെടരുതെന്ന് ഡോക്ടർ നിർദേശിച്ചിട്ടും മഹന്ത ഗാർഗിന് മദ്യം നൽകുകയും യാട്ട് പാർട്ടിക്ക് പോകാൻ അനുവദിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാർഗിന്റെ മരണം ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമാവുകയും, അദ്ദേഹത്തിന്റെ മുങ്ങിമരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം, അസം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മഹന്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഭാരതീയ ന്യായ സംഹിത പ്രകാരം കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് എസ്.ഐ.ടി മഹന്തക്കെതിരെ ചുമത്തിയത്. നിലവിൽ ഒരു പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.