സി.ജെ.പി പ്രവർത്തകർ
‘സി.ജെ.പി സമരത്തിന് പണം നൽകുന്നത് ആരാണ്?’; മഹാരാഷ്ട്ര പൊലീസ് പ്രവർത്തകരെ ചോദ്യം ചെയ്യുന്നതായി അഭിജീത് ദീപ്ക
മഹാരാഷ്ട്ര: ഡൽഹിയിലെ ജന്തർ മന്തറിൽ ഒക്ടോബർ 10ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പദ്ധതിയിടുന്ന പ്രവർത്തകർക്ക് നോട്ടീസ് നൽകി മഹാരാഷ്ട്ര പൊലീസ്. പൊലീസിന്റെ നടപടി പ്രതിഷേധക്കാരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതാണെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ.
ചന്ദ്രപൂരിൽ നിരവധി വളണ്ടിയർമാർക്ക് സമാനമായ നോട്ടീസ് ലഭിച്ചതായി ദിപ്‌കെ പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെടുകയും ഡൽഹിയിലേക്കുള്ള യാത്രയുടെ വിശദാംശങ്ങൾ അന്വേഷിക്കുകയും, ആരാണ് അതിന് പണം നൽകുന്നത് എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ തേടുകയും ചെയ്തതായാണ് നോട്ടീസിൽ പറയുന്നത്.
ഒക്ടോബർ 5ന് ചന്ദ്രപൂരിലെ ബല്ലാർപൂർ പൊലീസ് ഒരു സി.ജെ.പി പ്രവർത്തകന് നൽകിയ നോട്ടീസ് ആണത്. ബി.എൻ.എസ്.എസിലെ 168-ാം വകുപ്പ് പ്രകാരമാണ് നോട്ടീസ്. ദിപ്‌കെയെ പിന്തുണക്കാൻ അയാൾ ഡൽഹിയിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്നു എന്ന് പൊലീസിന് വിവരം കിട്ടിയെന്നാണ് നോട്ടീസിൽ പറയുന്നത്.
എന്തിനാണ് സി.ജെ.പി സമരത്തിൽ ചേരുന്നത്, ആരാണ് അദ്ദേഹത്തിന്റെ പങ്കാളിത്തത്തിന് പണം നൽകുന്നത്, എന്താണ് ലക്ഷ്യം എന്നിവയാണ് നോട്ടീസിൽ ചോദിക്കുന്നത്. അനുമതിയില്ലാതെ ഡൽഹി പ്രതിഷേധത്തിലോ മറ്റേതെങ്കിലും സമരത്തിലോ പങ്കെടുക്കരുത്, അക്രമാസക്തരായ പ്രതിഷേധക്കാരുമായി ബന്ധം പുലർത്തരുത്, സോഷ്യൽ മീഡിയയിൽ അക്രമാസക്തമായ ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തരുത് എന്നും നോട്ടീസിൽ പറയുന്നു.
തന്റെ അനുയായികളെ ഡൽഹിയിലേക്ക് പോകുന്നതിൽ നിന്ന് തടയാൻ പൊലീസ് മനഃപൂർവ്വം ശ്രമിക്കുകയാണെന്ന് അഭിജീത് ദിപ്‌കെ ആരോപിച്ചു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിന് പോലും ഇത്തരത്തിൽ നോട്ടീസ് നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം എല്ലാ പൗരനുമുണ്ടെന്നും സി.ജെ.പി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 10ന് ജന്തർ മന്തറിൽ നടക്കാനിരിക്കുന്ന സമരം അനുമതിയോടെയാണോ അതോ അല്ലയോ എന്നതിൽ തർക്കം നിലനിൽക്കുമ്പോഴാണ് പൊലീസിന്റെ ഈ നടപടി. സംഭവം വിവാദമായതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.