വ്യാപക വിമർശനം; വെജിറ്റേറിയന് പച്ച ഡ്രസ് കോഡ് ഏർപ്പെടുത്തിയത് പിൻവലിച്ച് സൊമാറ്റോ

ന്യൂഡൽഹി: വെജിറ്റേറിയൻ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് പച്ച നിറത്തിലുള്ള ഡ്രസ് കോഡ് ഏർപ്പെടുത്താനുള്ള തീരുമാനം ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പിൻവലിച്ചു. കമ്പനിക്കെതിരെ ഉയർന്ന വ്യാപകമായ വിമർശനത്തെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.

നിലവിൽ ചുവന്ന നിറത്തിലെ ഡ്രസ് കോഡാണ് സൊമാറ്റോയിൽ. ഇതിൽ പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവർക്കാണ് പച്ച നിറം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഒരേ ബോക്സിൽ വെജ്, നോൺ വെജ് ഭക്ഷണങ്ങൾ ഒന്നിച്ചുവെക്കുമ്പോൾ ഗന്ധം കൂടിക്കലരുന്നതായി പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നെന്നും ഇതാണ് തീരുമാനത്തിന് കാരണമെന്നുമായിരുന്നു വിശദീകരണം.

എന്നാൽ, ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. ഈ വേർതിരിവ് വിവേചനമാണെന്നും കുറ്റകരമാണെന്നും ആരോപിച്ച് സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്തുവന്നു. ഡെലിവറി ഏജന്‍റ് മുസ്ലിം ആയതിനാൽ ‘ഞങ്ങളുടെ ഭക്ഷണ ശുദ്ധി കളങ്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെ’ന്ന് പറഞ്ഞ് ഭക്ഷണം നിരസിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പ്യുവർ വെജ് ക്രമീകരണം കൂടുതൽ വിവേചനത്തിലേക്ക് നയിക്കുമെന്നും ചിലർ വിമർശനമുന്നയിച്ചു.

ഇത് ജാതിപരവും ക്രിമിനൽ പ്രവൃത്തിയുമാണെന്നും താൻ ആപ് ഡിലീറ്റ് ചെയ്യുകയാണെന്നും ദലിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മരിയ ലോറൻസ് പ്രതികരിച്ചു. കഴിഞ്ഞ വർഷം സൊമാറ്റോ ദലിതരെ അവഹേളിക്കുന്ന പരസ്യം പുറത്തിറക്കി, ഇപ്പോൾ അവർ പ്രത്യേക ശുദ്ധ സസ്യാഹാര മോഡുകൾ അവതരിപ്പിക്കുകയാണെന്നും ചിലർ വിമർശിച്ചു.

Tags:    
News Summary - Zomato Withdraws Green Uniform For Veg Fleet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.