‘സകാത്ത് സെന്റർ ഇന്ത്യ’ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: സകാത്തിന്റെ ഫലപ്രദമായ ശേഖരണവും വിതരണവും ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ആരംഭിച്ച ‘സകാത്ത് സെന്റർ ഇന്ത്യ’ രാജ്യത്തെ 20 നഗരങ്ങളിലേക്ക്. ഇസ്‍ലാമിലെ നിർബന്ധ ആരാധനാ കർമമായ സകാത്ത് കൊണ്ട് ദാരിദ്ര്യമുക്തവും സ്വയം പര്യാപ്തവുമായ സമുദായത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ‘സകാത്ത് സെന്റർ ഇന്ത്യ’ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചില നഗരങ്ങൾ കേന്ദ്രീകരിച്ചും ചില സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട സകാത്ത് ശേഖരണവും വിതരണവും നടക്കുന്നുണ്ടെങ്കിലും ഇന്ത്യയൊട്ടാകെ സകാത്ത് കാര്യക്ഷമമായി ശേഖരിച്ച് ഫലപ്രദമായി വിതരണം നടത്താൻ രാജ്യത്താദ്യമായി ഉണ്ടാക്കിയ സംഘമാണ് സകാത്ത് സെൻറർ ഇന്ത്യ എന്ന് ചെയർമാൻ എസ്. അമീനുൽ ഹസൻ വ്യക്തമാക്കി. സകാത്ത് സംഘടിതമായി നിർവഹിക്കണമെന്നതാണ് ഇസ്‍ലാമിക അധ്യാപനം. ദാരിദ്ര്യനിർമാർജനം ലക്ഷ്യം വെച്ച് സ്വയം തൊഴിൽ, നൈപുണ്യ ശേഷി വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് കഴിഞ്ഞ വർഷം സകാത്ത് ചെലവിട്ടത്.
സെൻറർ വഴി സകാത്ത് നൽകാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് മാത്രമേ സകാത്ത് ശേഖരിക്കുകയുള്ളൂ. ഇപ്പോൾ പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന സംഘടിത സകാത്ത് വിതരണത്തിൽ സെൻറർ ഇടപെടില്ല. പ്രാരംഭ വർഷമായ 2022ൽ കർണാടകയിലെ ബിദർ, തെലങ്കാനയിലെ ഹൈദരാബാദ്, നിസാമാബാദ്, മഹാരാഷ്ട്രയിലെ മുംബൈ, നാഗ്പൂർ, ഔറംഗാബാദ്, ഗുജറാത്തിലെ അഹമ്മദാബാദ്, മധ്യപ്രദേശിലെ ഭോപാൽ, ഉത്തർപ്രദേശിലെ ബറേലി, പഞ്ചാബിലെ മലേർകോട്‍ല എന്നീ നഗരങ്ങളിൽ രണ്ട് കോടി രൂപ സകാത്ത് ശേഖരിച്ച് വിതരണം ഫലപ്രദമായി വിതരണം ചെയ്തു. രാജ്യത്ത് വർഷം തോറും മുസ്‍ലിംകൾ ഏകദേശം 50,000 കോടി രൂപ സകാത്ത് നൽകുന്നുവെന്നാണ് കണക്ക്.
തമിഴ്നാട്ടിലെ ചെന്നൈ, കർണാടകയിലെ ഗുൽബർഗ, മംഗലാപുരം, ഹൂബ്ലി, മഹാരാഷ്ട്രയിലെ നാന്ദേഡ്, പുണെ, ബിഹാറിലെ പട്ന, രാജസ്ഥാനിൽ ജയ്പൂർ, ഉത്തർപ്രദേശിലെ സംഭൽ തുടങ്ങിയ നഗരങ്ങളിലാണ് ഈ വർഷം തുടങ്ങുന്നത്. മുസ്ലിം സമ്പന്നരും ദരിദ്രരും കൂടുതരും നഗരങ്ങളിലാണെന്നും നഗരങ്ങളിലാണ് അത് കൊണ്ടാണ് തുടക്കത്തിൽ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നത്. ഓരോ നഗരത്തിൽ നിന്നും ശേഖരിക്കുന്ന സകാത്ത് അതത് നഗരത്തിൽ തന്നെ വിനിയോഗിക്കും. ജമാഅത്തെ ഇസ്‍ലാമി ഹിന്ദിന്റെ സംരംഭമായ സെന്ററിന്റെ പ്രവർത്തനം സുതാര്യമാണെന്നും ഓരോ രൂപയും എവിടെ ചെലവഴിച്ചുവെന്ന് ദാതാക്കൾക്ക് കണക്ക് നൽകുമെന്നും അമീനുൽഹസൻ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.