ഡോ. സഫറുല്‍ ഇസ്​ലാം ഖാന്‍

യു.പി.എസ്.സി. ജിഹാദ് പ്രയോഗം അടിസ്ഥാന രഹിതം -ഡോ. സഫറുല്‍ ഇസ്​ലാം ഖാന്‍

ന്യൂഡല്‍ഹി: ജനസംഖ്യാനുപാതികമായി സിവില്‍ സര്‍വീസില്‍ ഇപ്പോഴും പ്രാതിനിധ്യം കിട്ടാത്ത സമുദായമാണ് മുസ്​ലിംകളെന്നും യു.പി.എസ്.സി ജിഹാദ് എന്ന പ്രയോഗം ഉപയോഗിച്ച് യാഥാര്‍ഥ്യത്തെ മറച്ചു വെയ്ക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനും 'മില്ലി ഗസറ്റ്' എഡിറ്ററുമായ ഡോ. സഫറുല്‍ ഇസ്​ലാം ഖാന്‍. എം.എസ്.എഫ് ദേശീയ കമ്മറ്റി സംഘടിപ്പിച്ച 'യു.പി.എസ്.സി ജിഹാദ്: പ്രചാരത്തിൻെറ ഇരുണ്ട അജണ്ട തുറന്നുകാണിക്കുന്നു' സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഞ്ചു ശതമാനത്തില്‍ താഴെ മാത്രമാണ് ഇപ്പോഴും സിവില്‍ സര്‍വീസിലെ പ്രാതിനിധ്യം. സച്ചാര്‍ കമ്മിഷൻെറ കണ്ടെത്തല്‍ സമയത്ത് അത് മൂന്ന് ശതമാനം മാത്രമായിരുന്നു. പതിനഞ്ച് ശതമാനം ലഭിക്കേണ്ടിടത്താണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചില മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചരണം വഴി നാടിൻെറ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുകയാണെന്ന് കേരള പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍വഴി സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണങ്ങളെകുറിച്ചും കുപ്രസിദ്ധിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സുദര്‍ശന്‍ ടി.വി പോലുള്ള മാധ്യമങ്ങളെ കുറിച്ചും 'ദ വയര്‍' എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മെഹ്താബ് ആലം വിശദീകരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിന്‍, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി അഷ്റഫലി, ഡോ. പുത്തൂര്‍ റഹ്മാന്‍, എം.എസ്.എഫ് ദേശീയ സെക്രട്ടറി അഥീബ് മാസ്ഖാന്‍ എന്നിവരും സെമിനാറില്‍ സംസാരിച്ചു. ദേശീയ വൈസ് പ്രസിഡൻറ് പി.വി അഹമ്മദ് സാജു മോഡറേറ്ററായിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി എസ്. എച് മുഹമ്മദ് അര്‍ഷാദ് സ്വാഗതവും ദേശീയ സെക്രട്ടറി ഇ ഷമീര്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.