കൃഷിയിലേക്കു തിരിയാൻ എം.പി സ്ഥാനം രാജിവെച്ച് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് വിജയസായി റെഡ്ഢി

ഹൈദരാബാദ്: പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ച്, കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർലമെന്റ് എം.പി സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപിച്ച് വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായി റെഡ്ഡി. രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുമെന്ന് വൈ.എസ്.ആർ.സി നേതാവ് പ്രഖ്യാപിച്ചു.
ശനിയാഴ്ച രാജ്യസഭ ഉപാധ്യക്ഷൻ ജഗ്ദീപ് ധൻഖറിനെ കണ്ട് അ​ദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. രാജ്യസഭയിലെ തന്റെ ആറു വർഷ കാലാവധിയിൽ മൂന്നര വർഷം ബാക്കിയുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജി സമർപ്പിച്ചതായി റെഡ്ഡി പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ വീണ്ടും മുഖ്യമന്ത്രിയാക്കുന്നതിൽ ഇപ്പോഴുള്ള ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പാർട്ടി നേതാവ് മദ്ദില ഗുരുമൂർത്തി തീരുമാനം പുനഃപരിശോധിക്കണമെന്ന് റെഡ്ഡിയോട് ആവശ്യപ്പെട്ടു.

‘തീർച്ചയായും അദ്ദേഹം ഞങ്ങളുടെ പാർട്ടിയിൽ തുടരണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. ദയവായി രാഷ്ട്രീയത്തിൽ നിന്ന് പുറത്തുപോകരുത്. നിങ്ങളെപ്പോലുള്ള അനുഭവപരിചയമുള്ളവർ പാർട്ടിക്ക് ആവശ്യമാണ്. ജഗനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഞാൻ അഭ്യർത്ഥിച്ചു’-ഗുരുമൂത്തി ദേശീയ തലസ്ഥാനത്തെ വിജയസായി റെഡ്ഡിയുടെ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറുപടിയായി വിജയസായി റെഡ്ഡി, ‘അതിനെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യും’ എന്ന് അറിയിച്ചു. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ.സി.പിയിൽ ആഭ്യന്തര പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഗുരുമൂർത്തി ഊന്നിപ്പറഞ്ഞു. ധീരതക്ക് പേരുകേട്ട വിജയസായി റെഡ്ഡി ഏത് വെല്ലുവിളികളെയും അതിജീവിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

ജഗൻ മോഹൻ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങളിലെ പ്രധാന വ്യക്തിത്വമാണ് വിജയസായി റെഡ്ഡിയെന്ന് നേരത്തെ മുൻ മന്ത്രിയും വൈ.എസ്.ആർ നേതാവുമായ കെ.ഗോവർധൻ റെഡ്ഡി പ്രശംസിച്ചിരുന്നു. വിജയസായി റെഡ്ഡി രാഷ്ട്രീയ എതിരാളികളിൽ നിന്നുള്ള നിരവധി വെല്ലുവിളികളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Tags:    
News Summary - YSRCP leader Vijaysai Reddy resigns as Rajya Sabha MP, party leaders appeal to him to stay in politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.