ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടിയിലെ 57-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് രാജ്യത്തെ യുവതലമുറയോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠനം പൂർത്തിയാക്കി ഇറങ്ങുന്ന വിദ്യാർഥികൾ തങ്ങളുടെ കരിയറിനെ വിലയിരുത്തേണ്ടത് അവർക്ക് ലഭിക്കുന്ന ശമ്പളമോ കമ്പനികളുടെ മൂല്യമോ നോക്കിയാകരുത്, മറിച്ച് അത് രാജ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് ചിന്തിച്ചുകൊണ്ടാകണം എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഐ.ഐ.ടിയിൽ നിന്നുള്ള ഒരു ബിരുദം കേവലം ഒരു സർട്ടിഫിക്കറ്റ് മാത്രമല്ല, മറിച്ച് രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാനുള്ള വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്ന് അദ്ദേഹം വിദ്യാർഥികളെ ഉണർത്തി. എടുക്കുന്ന ഓരോ തീരുമാനങ്ങളുടെയും അടിസ്ഥാനം രാജ്യതാൽപര്യമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും സാങ്കേതികവിദ്യയുടെ ഈ കുതിച്ചുചാട്ടത്തിൽ അടുത്ത ഇരുപതോ മുപ്പതോ വർഷങ്ങൾക്ക് ശേഷം ലോകം എങ്ങനെയാകുമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ക്ലാസ് മുറികളിലെ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ജീവിതം നൽകുന്ന വെല്ലുവിളികൾ തികച്ചും സിലബസിന് പുറത്തുനിന്നുള്ളവയായിരിക്കും. അതിനാൽ തന്നെ കാലത്തിനൊപ്പ സഞ്ചരിക്കാനും നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാനും തയാറാകുന്നവർ മാത്രമേ ഭാവിയിൽ വിജയിക്കുകയുള്ളൂ. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മുൻതലമുറക്ക് മുന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്നത്തെ യുവതലമുറയുടെ ഉത്തരവാദിത്തം അടുത്ത മൂന്ന് പതിറ്റാണ്ടിലെ ഇന്ത്യയുടെ വികസനം രൂപപ്പെടുത്തുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തി ഇന്നത്തെ യുവതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, സെമികണ്ടക്ടറുകൾ, ബഹിരാകാശ മേഖല എന്നിവയിൽ യുവാക്കൾ സൃഷ്ടിക്കുന്ന വിപ്ലവങ്ങളെ അദ്ദേഹം പ്രശംസിച്ചു. സ്വന്തമായി റോക്കറ്റുകൾ രൂപകല്പന ചെയ്യുകയും വിക്ഷേപിക്കുകയും ചെയ്യുന്ന പുതിയ തലമുറയിലെ എഞ്ചിനീയർമാരെ അദ്ദേഹം എടുത്തുപറഞ്ഞു. ഇതിനൊപ്പം തന്നെ വിദ്യാർഥികൾ നേരിടുന്ന വലിയൊരു മാനസിക സമ്മർദ്ദത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജീവിതം ഒരിക്കലും ഒരു മത്സരമോ 'ലീഡർ ബോർഡോ' അല്ലെന്നും നിങ്ങളുടെ യഥാർത്ഥ മത്സരം മറ്റാരുമായല്ല, നിങ്ങളോട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ കാണുന്ന ശമ്പളത്തിന്റെയും പ്ലേസ്‌മെന്റുകളുടെയും കണക്കുകൾ നോക്കി മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം പ്രഹ്ലാദ് ജോഷി പങ്കെടുക്കുന്ന ആദ്യത്തെ പ്രധാന വിദ്യാഭ്യാസ ചടങ്ങ് കൂടിയായിരുന്നു ഇത്. പരിപാടിയുടെ ഭാഗമായി ഐ.ഐ.ടി ഡൽഹിയുടെ സോനിപ്പത് കാമ്പസിൽ സജ്ജമാക്കിയ 'പരം പ്രജ്ഞ' എന്ന അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൂപ്പർ കമ്പ്യൂട്ടിങ് സൗകര്യം പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സെന്ററുകൾ, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ പുതിയ മേഖലകളുടെ ഭാവി ഈ ബിരുദധാരികളിലാണെന്നും അദ്ദേഹം പറഞ്ഞു. 587 പിഎച്ച്ഡി സ്കോളർമാർ ഉൾപ്പെടെ 3000-ത്തിലധികം വിദ്യാർഥികൾക്കാണ് ചടങ്ങിൽ ബിരുദങ്ങൾ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.