കാനഡയിൽ ഇന്ത്യൻ വംശജയായ യുവതിയുടെ കൊലപാതകം; ഏഴു മാസത്തിന് ശേഷം പങ്കാളി അറസ്റ്റിൽ
ന്യൂഡൽഹി: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട കേസിൽ പങ്കാളിയെ ഏഴ് മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ടൊറന്റോ സ്വദേശിയായ അബ്ദുൽ ഗഫൂരിയെയാണ് ടൊറന്റോയിലെ വിമാനത്താവളത്തിൽ വെച്ച് പൊലീസ് പിടികൂടിയത്. ഹിമാൻഷി ഖുറാനയെ ഡിസംബർ 20 നാണ് ടൊറന്റോയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പങ്കാളിയുടെ അക്രമത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഗഫൂരിയെ കണ്ടെത്താനായി പൊലീസ് രാജ്യവ്യാപകമായി വാറണ്ട് പുറപ്പെടുവിക്കുകയും ചിത്രം പുറത്തുവിട്ട് പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ടൊറന്റോ പൊലീസിന്റെ ഫ്യൂജിറ്റീവ് സ്ക്വാഡും കൊലപാതക അന്വേഷണ വിഭാഗവും ദേശീയ, അന്തർദേശീയ പൊലീസ് ഏജൻസികളുമായി സഹകരിച്ചാണ് ഗഫൂരിയെ കാനഡയിലേക്ക് തിരിച്ചെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഇയാൾ ഏത് രാജ്യത്തായിരുന്നു എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
2025 ഡിസംബർ 19 നാണ് ഹിമാൻഷിയെ കാണാതായതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ പിറ്റേന്ന് രാവിലെ വീടിനുള്ളിൽ ഹിമാൻഷിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹിമാൻഷിയും ഗഫൂരിയും തമ്മിൽ ഭാര്യാഭർത്താക്കന്മാരുടെ ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. 2025ൽ ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 40-ാമത്തെ കൊലപാതക കേസായിരുന്നു ഇത്.
ഹിമാൻഷിയുടെ മരണത്തിൽ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിയിയ ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.
പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് വിഷയത്തിൽ ഇടപെട്ടുവരികയാണെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക അധികൃതരുമായി സഹകരിച്ച് നൽകുന്നുണ്ടെന്നും കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.