പ്രിയങ്ക് ഖാർഗെ

'ദേശസ്നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും സർട്ടിഫിക്കറ്റ് നൽകാൻ ആർ.എസ്‌.എസിന് എന്ത് അധികാരം?'; നിയമ നടപടിയെടുക്കും -പ്രിയങ്ക് ഖാർഗെ

ബംഗളൂരു: ആർ.എസ്‌.എസിനെതിരെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് കർണാടക സർക്കാർ നടപടിയെടുക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്‌.എസിന്റെ ചരിത്രവും പ്രവർത്തനങ്ങളും പഠിച്ചുവരികയാണെന്നും തുടർനടപടികൾ അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്‌.എസിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ആർ.എസ്‌.എസ് മേധാവി മോഹൻ ഭാഗവതിന് അയച്ച കത്തിന് മറുപടി ലഭിച്ചില്ലെങ്കിലും സർക്കാർ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഖാർഗെ വ്യക്തമാക്കി.

ആർ.എസ്‌.എസ് ഇതുവരെ നിയമപരമായ ചട്ടക്കൂടിന് പുറത്താണ് പ്രവർത്തിച്ചിരുന്നത്. അവരെ നിയമവ്യവസ്ഥക്ക് കീഴിൽ കൊണ്ടുവരും. കത്തിന് മറുപടി ലഭിക്കുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും മറുപടി വരില്ലെന്ന് താൻ നേരത്തെ വ്യക്തമാക്കിയതാണെന്നും ഖാർഗെ പരിഹസിച്ചു. വിഷയം ഉന്നയിച്ചിട്ട് ഒന്നര മാസത്തോളമായി. ആർ.എസ്‌.എസിന്റെ നൂറ്റാണ്ടിന്റെ ചരിത്രം പഠിക്കാനും മനസ്സിലാക്കാനും സർക്കാറിന് സമയമെടുക്കും. സ്വന്തം ചരിത്രത്തെക്കുറിച്ച് അവർക്ക് തന്നെ കൃത്യമായ ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മറ്റുള്ളവർക്ക് ദേശസ്നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും സർട്ടിഫിക്കറ്റ് നൽകാൻ ആർഎസ്‌എസിന് എന്ത് അധികാരമാണുള്ളതെന്ന് പ്രിയങ്ക് ഖാർഗെ ചോദിച്ചു. സ്വന്തമായി രജിസ്ട്രേഷൻ പോലുമില്ലാത്തവരാണ് മറ്റുള്ളവരെ സർട്ടിഫിക്കറ്റ് നൽകി വിലയിരുത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ ആർ.എസ്‌.എസിനെതിരെ ശക്തമായ നിലപാടുകളാണ് പ്രിയങ്ക് ഖാർഗെ സ്വീകരിച്ചിരിക്കുന്നത്. ആർ.എസ്‌.എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച്, സംഘടനയുടെ നിയമപരമായ പദവി, ഫണ്ടിങ്, വരവ്-ചെലവ് കണക്കുകൾ, ആസ്തികൾ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ ആർ.എസ്‌.എസ് മേധാവി മോഹൻ ഭാഗവതിന് തുറന്ന കത്ത അയച്ചിരുന്നു. കർണാടകയിൽ മാത്രം 60,000ത്തിലധികം ശാഖകളും സജീവ പ്രവർത്തനങ്ങളുമുള്ള ഒരു സംഘടനക്ക് നിയമപരമായ സുതാര്യത വേണമെന്ന് അദ്ദേഹം വാദിച്ചിരുന്നു.

അതേസമയം, പ്രിയങ്ക് ഖാർഗെയുടെ കത്ത് കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും അതിന് മറുപടി നൽകേണ്ടതില്ലെന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ നിലപാട്. ഹിന്ദുധർമ്മം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, ആർ.എസ്‌.എസ് രഹസ്യമായല്ല, പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആർ.എസ്‌.എസ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, സംസ്ഥാനത്ത് സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് കർണാടക സർക്കാർ പുതിയ നിയമനിർമാണം ആലോചിച്ചേക്കുമെന്ന് ഡൽഹിയിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ പ്രിയങ്ക് ഖാർഗെ സൂചിപ്പിച്ചിരുന്നു. ഭരണഘടനയോടും ദേശീയ ചിഹ്നങ്ങളോടുമുള്ള ആർ.എസ്‌.എസിന്റെ സമീപനങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. 

Tags:    
News Summary - നിയമവ്യവസ്ഥക്ക് കീഴിൽ ആർ.എസ്‌.എസിനെതിരെ നടപടിയെടുക്കും -പ്രിയങ്ക് ഖാർഗെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.