ട്രാൻസ് സുഹൃത്തിനൊപ്പം പുനെയിലെ ബാർ ഹോട്ടലിലെത്തിയ യുവാവിന് സംഭവിച്ചത്

മുംബൈ: പൂനെയിലെ വക്കാദിലെ ബാർ ഹോട്ടലിൽ പാർട്ടിക്കെത്തിയതായിരുന്നു അഭയ് ഗൊണ്ടനെയും(21) ട്രാൻസ്ജൻഡർ സുഹൃത്ത് മന്നത്ത് ഷെയ്ക്കും. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30നായിരുന്നു ഇവർ ഹോട്ടലിലെത്തിയത്. എൽ.ജി.ബി.ടി.ക്യൂ സമൂഹം സംഘടിപ്പിച്ച വിരുന്നിൽ പ​ങ്കെടുക്കാനായിരുന്നു അവർ എത്തിയത്.

ഡാൻസിനിടെ, ഇവരും മറ്റൊരു ട്രാൻസ്ജൻഡറും തമ്മിൽ വഴക്കുണ്ടായി. എല്ലാവരും നന്നായി മദ്യപിച്ചിരുന്നു. ഇവരെ പിന്തിരിപ്പിക്കാനായി ഹോട്ടൽ ജീവനക്കാർ ശ്രമം നടത്തി. എന്നാൽ അഭയ് ജീവനക്കാരെ ചോദ്യം ചെയ്ത് കൈയേറ്റത്തിനു ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ സംഭവം വഷളായി. ബാർ ജീവനക്കാരും യുവാക്കളെ ആക്രമിച്ചു. ​രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് അഭയ് താഴേക്കു ചാടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അഭയ് മരിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ 307 (കൊലപാതകശ്രമം), 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ മുറിവേൽപ്പിക്കൽ), 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ), 143 (നിയമവിരുദ്ധമായി സംഘം ചേരുന്നവർ) എന്നീ വകുപ്പുകൾ പ്രകാരം ബാർ ജീവനക്കാർക്കും ഉടമകൾക്കും എതിരെ  പൊലീസ് കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് റെസ്റ്റോബാർ ഉടമ അനുരാഗ് ഗോലെ (29), മാനേജർ ഗജനൻ ഖരാത് (33), ബൗൺസർമാരായ അശുതോഷ് സഞ്ജയ് (31), റോബുലെ അവൽ (21), ഡിജെ ഗണേഷ് ദാഗ (27) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, പരിപാടിയുടെ സംഘാടകരായ മിസ്റ്റ് എൽജിബിടി ഫൗണ്ടേഷനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എൽ.ജി.ബി.ടി.ക്യൂ സമൂഹത്തിലെ അംഗങ്ങൾക്ക് ഒരിടത്തും സുരക്ഷിതത്വമില്ല. അതിനാലാണ് ഞങ്ങൾ സുരക്ഷിതരാണെന്ന് കരുതുന്ന, ഞങ്ങളുടെ സമൂഹം തന്നെ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് പോകുന്നത്. അന്ന് മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ അഭയ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ പൊലീസിനെയോ ആംബുലൻസിനെയോ വിളിക്കാൻ പോലും ആരും ഫോൺ എടുത്തില്ല. യഥാസമയം ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ അഭയ് എന്നോടൊപ്പം ഉണ്ടാകുമായിരുന്നു- 24 വയസുള്ള മന്നത്ത് ഷെയ്ക്ക് പറയുന്നു. ട്രാൻസ് വുമണാണ് ഷെയ്ക്ക്.

Tags:    
News Summary - Youth Forced To Jump to Death at Queer Party in pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.