ചെന്നൈ: നോണ്‍ എ.സി സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്കും ഇനി പുതപ്പും തലയിണകളും നൽകാനൊരുങ്ങി ദക്ഷിണ റെയിൽവെ. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് ചെറിയ നിരക്ക് ഈടാക്കി ബെഡ് ഷീറ്റ്, തലയിണ എന്നിവ അനുവദിക്കുമെന്നാണ് ദക്ഷിണ റെയില്‍വെ അറിയിച്ചിരിക്കുന്നത്.
നിലവില്‍, എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ജനുവരി ഒന്ന് മുതല്‍ ദക്ഷിണ റെയില്‍വെക്ക് കീഴിലുള്ള 10 എക്‌സ്പ്രസ് ട്രെയിനുകളില്‍ പദ്ധതി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ബെഡ് ഷീറ്റ്, ഒരു തലയിണ, ഒരു തലയിണ കവര്‍ എന്നിവക്ക് 50 രൂപയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതപ്പ് മാത്രമോ തലയിണ മാത്രമോ ആണ് ആവശ്യമെങ്കിൽ അങ്ങനെയും ലഭിക്കും.
ഒരു ബെഡ് ഷീറ്റിന് മാത്രം നൽകുന്നതിന് 20 രൂപയും തലയിണ അതിന്റെ കവറിനൊപ്പം നൽകുന്നതിന് 30 രൂപയുമാണ് ഈടാക്കുക. തുക ഈടാക്കുന്നത് ട്രെയിനിൽ കയറിയതിന് ശേഷമാണോ എന്ന് ഇനിയും റെയിൽവെ വ്യക്തമാക്കിയിട്ടില്ല.
ആദ്യഘട്ടത്തില്‍ ചെന്നൈ-മേട്ടുപ്പാളയം നീലഗിരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മണ്ണാര്‍ഗുഡി എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-തിരുച്ചെന്തൂര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-പാലക്കാട് എക്‌സ്പ്രസ്, എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-സെങ്കോട്ടൈ സിലമ്പു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, താംബരം-നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ എഗ്മോര്‍-മംഗലാപുരം എക്‌സ്പ്രസ് എന്നിവയില്‍ ഈ സേവനം ലഭ്യമാക്കും.
2026 ജനുവരി ഒന്ന് മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ഈ സൗകര്യം വരുന്നതോടുകൂടി, ദീർഘ ദൂര യാത്രക്കാർ തലയിണയും ബെഡ്ഷീറ്റും കൊണ്ട് നടക്കേണ്ട ആവശ്യമില്ല. നിലവിൽ ഇന്ത്യൻ റെയിൽവേ ട്രെയിനുകളിൽ എ.സി കോച്ചുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാത്രമാണ് തലയിണ, ബെഡ്ഷീറ്റ്, പുതപ്പ് എന്നിവ റെയിൽവേ നൽകുന്നത്.
എ.സി കോച്ചുകളിലെ വെള്ള ഷീറ്റുകൾക്ക് പകരം ഇനി ഭംഗിയുള്ള സംഗനേർ ഡിസൈൻ ഷീറ്റുകൾ നൽകാനും റെയിൽവെ തീരുമാനം എടുത്തിരുന്നു.
എ.സി കോച്ചുകളിലെ വെള്ള ഷീറ്റുകൾ മുഴുവൻ ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യൻ റെയിൽവേ. പരമ്പരാഗത സംഗനേർ ഡിസൈനുകളിൽ തയ്യാറാക്കിയ പ്രിൻറഡ് ബ്ലാങ്കെറ്റുകളായിരിക്കും ഇനി മുതൽ യാത്രക്കാർക്ക് ലഭ്യമാകുക.
ഇതുവരെ, ഇന്ത്യൻ റെയിൽവേയുടെ എല്ലാ ദീർഘദൂര ട്രെയിനുകളിലെയും എ.സി കോച്ചുകളിലെ യാത്രക്കാർക്ക് വെള്ള ഷീറ്റുകളും തലയിണകളുമാണ് നൽകിവന്നിരുന്നത്. ചില ട്രെയിനുകളിൽ വെളുത്ത ടവലുകളും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.