'1947ൽ മോദി പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു': യോഗി ആദിത്യനാഥ്

കാൻപൂർ: 1947ൽ നരേന്ദ്ര മോദി ആയിരുന്നു അന്നത്തെ പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിദ്ധാർഥ് നഗറിൽ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിൽ നിന്ന് രാജ്യം പാഠങ്ങൾ ഉൾക്കൊള്ളണമെന്നും, അത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും യോഗി പറഞ്ഞു.

“ലക്ഷക്കണക്കിന് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. കേൾക്കാൻ ആളുണ്ടായിരുന്നില്ല, വേദന പ്രകടിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. അധികാരത്തിലിരുന്നവർ 'സനാതന' രാഷ്ട്രത്തെ കഷ്ണങ്ങളായി വിഭജിച്ചു. ചരിത്രത്തിലെ ആ ഇരുണ്ട അധ്യായങ്ങളിൽ നിന്ന് പഠിക്കാനുള്ള പ്രചോദനമാണ് ഈ ദിവസം നൽകുന്നത്. എന്തുകൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത്? ആര് കാരണമാണ് ഇത് സംഭവിച്ചത്? എന്തുകൊണ്ടാണ് കുറ്റവാളികൾ ശിക്ഷിക്കപ്പെടാത്തത്?" യോഗി ചോദിച്ചു.

പാകിസ്താൻ അനുകൂലികൾ ആവശ്യപ്പെടാത്ത പ്രദേശങ്ങൾ പോലും പാകിസ്താന് കൈമാറിയെന്ന് യോഗി ആരോപിച്ചു. “1947ൽ രാജ്യം സ്വാതന്ത്ര്യം നേടി. പാകിസ്താൻ അനുകൂലികൾ പോലും ആവശ്യപ്പെടാത്ത പ്രദേശങ്ങൾ ബലമായി പാകിസ്ത്ന് കൈമാറി. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ പാകിസ്താനു നൽകി. പഞ്ചാബ് കൈമാറ്റം ചെയ്യപ്പെട്ടു. ബംഗാളിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങൾ കൈമാറി. അധികാരത്തോടുള്ള അത്യാർത്തി കാരണം മാത്രമാണ് ഇത് ചെയ്തത്," യോഗി ആരോപിച്ചു.

ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിലുള്ള ആഭ്യന്തര ഭിന്നതകളാണ് അന്നത്തെ ഇന്ത്യയുടെ ബലഹീനതയെന്നും, അല്ലാതെ ശക്തിയുടെയോ ബുദ്ധിയുടെയോ കുറവല്ലിതെന്നും യോഗി വാദിച്ചു.

“അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ഒരുകാലത്ത് അഖണ്ഡ ഭാരതത്തിന്റെ ഭാഗങ്ങളായിരുന്നു. ലഖ്നൗ, കാൺപൂർ, സംഭൽ, അലിഗഡ്, സഹറൻപൂർ എന്നിവിടങ്ങളിൽ തീയിടാനുള്ള ഗൂഢാലോചനകളും നടന്നിരുന്നു. എന്നാൽ ജനങ്ങൾ അവ വിജയിക്കാൻ അനുവദിച്ചില്ല, യോഗി വാദിച്ചു.  ഇന്ത്യ 'വിഭജന ഭീകരത അനുസ്മരണ ദിനം' ആചരിക്കുന്ന വേളയിലാണ് യോഗിയുടെ വിവാദ പരാമർശങ്ങൾ. 

Tags:    
News Summary - yogi adityanath statement about india partition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.