അഭിജീത് ദിപ്കെ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി)യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായി ആരോപണം. ശനിയാഴ്ചയായിരുന്നു സംഭവം. അക്കൗണ്ട് ലഭ്യമല്ലെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ സഹിതമാണ് അഭിജിത് ഈ വിവരം പുറത്തുവിട്ടത്. എന്നാൽ പിന്നീട് അക്കൗണ്ടിലേക്കുള്ള പ്രവേശനം വിജയകരമായി പുനഃസ്ഥാപിക്കാൻ സാധിച്ചതായും അഭിജീത് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
‘കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവർ നീക്കം ചെയ്തു. തികഞ്ഞ ഭീരുക്കൾ’ എന്നാണ് അഭിജിത് ദീപ്കെ എക്സിൽ കുറിച്ചത്. ഇത്തരം ഭീരുത്വപരമായ നടപടികളിലൂടെ തങ്ങളെ ആർക്കും ഭയപ്പെടുത്താനാകില്ലെന്നും അഭിജീത് പറയുന്നു. കഴിഞ്ഞ മെയ് മാസത്തിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും, പാർട്ടിയുടെ ബാക്ക്അപ്പ് അക്കൗണ്ട് മെറ്റ നീക്കം ചെയ്തതായും അഭിജീത് ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.
എനിക്ക് എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള പ്രവേശനം നഷ്ടമായിരിക്കുന്നു. അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചപ്പോഴെല്ലാം നിങ്ങളുടെ സുരക്ഷക്കായി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു എന്ന സന്ദേശമാണ് ലഭിച്ചതെന്നും, ഐഡന്റിറ്റി പരിശോധിക്കാനും പുതിയ പാസ്‌വേഡ് സൃഷ്ടിക്കാനും ആവശ്യപ്പെട്ടെങ്കിലും പ്രക്രിയ പരാജയപ്പെട്ടുവെന്നും അന്ന് അഭിജീത് പറഞ്ഞിരുന്നു.
ഗ്രാമീണ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടി പുതിയ ജനകീയ കാമ്പെയ്ന് തുടക്കം കുറിച്ചു. സ്വാതന്ത്ര്യദിനത്തിൽ മഹാരാഷ്ട്രയിലെ അഭിജിത് ദിപ്കെയുടെ സ്വന്തം ഗ്രാമത്തിലാണ് 'സ്കൂൾ തിക്ക് കരോ' കാമ്പെയ്ന് ഔദ്യോഗിക തുടക്കമായത്.
ഈ കാമ്പെയ്ൻ വഴി ഗ്രാമീണ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും ഭരണപരമായ ഉത്തരവാദിത്തവും ഉറപ്പാക്കുകയാണ് സി.ജെ.പി ലക്ഷ്യമിടുന്നത്. ഡൽഹിയിലെ പ്രവർത്തനങ്ങൾക്കും ചർച്ചകൾക്കും ശേഷം മടങ്ങിയെത്തിയ ദിപ്കെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചത്.
ഹിംഗോലി ജില്ലയിലെ സർക്കാർ സ്കൂൾ നന്നാക്കാനും ബെഞ്ചുകൾ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും സർപഞ്ചിൽ നേരിട്ട് അഭ്യർത്ഥിക്കുമെന്ന് ദിപ്കെ വ്യക്തമാക്കിയിരുന്നു. ഗ്രാമങ്ങൾ തോറും സന്ദർശനം നടത്താനും, സ്കൂളുകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ ജനങ്ങളോടും സർപഞ്ചുകളോടും ആഹ്വാനം ചെയ്യാനും പ്രത്യേക ടീമുകളെ രൂപീകരിച്ചിട്ടുണ്ട്.
എല്ലാവരുടെയും കൂട്ടായ പങ്കാളിത്തത്തോടെ ഇത് നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. രക്ഷിതാക്കളും പൊതുജനങ്ങളും തങ്ങളുടെ കുട്ടികളുടെ സ്കൂളുകൾ സന്ദർശിക്കണമെന്നും, അവിടെ ബെഞ്ചുകൾ, കുടിവെള്ളം, ശുചിമുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ അത് സി.ജെ.പിയെ അറിയിക്കണമെന്നും ദിപ്കെ അഭ്യർത്ഥിച്ചു.
രാജ്യത്ത് പുതിയ പാർലമെന്റും പ്രധാനമന്ത്രിയുടെ വസതിയും ഉൾപ്പെടെയുള്ള വലിയ നിർമാണങ്ങൾ നടക്കുമ്പോൾ, ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി. കർഷകരുടെയും സാധാരണക്കാരുടെയും കുട്ടികൾ പഠിക്കുന്ന ഇത്തരം വിദ്യാലയങ്ങളിൽ നഗരങ്ങളിലേതുപോലെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.