ഒമർ അബ്ദുല്ല

'കശ്മീരിലെ നദികളിലെ വെള്ളം ഞങ്ങളുടെ സ്വന്തം, സിന്ധു നദീജല കരാർ റദ്ദാക്കിയത് തുടരണം'- പാകിസ്ഥാനെതിരെ വിമർശനവുമായി ഒമർ അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീരിലെ നദികളിലെ വെള്ളത്തിന്മേൽ പാകിസ്ഥാൻ അവകാശവാദം ഉന്നയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല രംഗത്ത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ജനങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും, ജലത്തിന്റെ കാര്യത്തിൽ വരുമ്പോൾ അവരുടെ ആ സ്നേഹമൊക്കെ എവിടെപ്പോകുന്നുവെന്നും അദ്ദേഹം ചോദിച്ചു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്റെ വിഹിതമായ വെള്ളത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാൽ നേരിട്ടുള്ള പ്രതികരണം ഉണ്ടാകുമെന്നും, "ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈൻ ആണെന്നുമായിരുന്നു" ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നത്. ഇതിനുള്ള മറുപടിയായാണ് ഒമർ അബ്ദുല്ല കശ്മീരിന്റെ അവകാശങ്ങൾ ശക്തമായി ഉന്നയിച്ചത്. കശ്മീരിലെ നദികളിലെ വെള്ളം ഞങ്ങളുടെ സ്വന്തമാണെന്നും, വർഷങ്ങളായി തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ആറ് നദികളിൽ മൂന്നെണ്ണം ഇന്ത്യ പഞ്ചാബിനായി വെച്ചു, ബാക്കി ഞങ്ങളുടെ മൂന്ന് നദികൾ പാകിസ്ഥാന് കൈമാറുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ ജമ്മു കശ്മീർ ഇതിന്റെ വലിയ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണ്. ചനാബ് നദിയിൽ നിന്ന് കുടിവെള്ളമെടുക്കാനോ, നദികളിൽ വലിയ അണക്കെട്ടുകൾ നിർമ്മിച്ച് വെള്ളം തടഞ്ഞുനിർത്താനോ ഞങ്ങൾക്ക് സാധിച്ചില്ല," ഒമർ അബ്ദുല്ല വ്യക്തമാക്കി. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നാണ് സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഈ കരാർ റദ്ദാക്കിയത് തുടരണമെന്നും, എങ്കിൽ മാത്രമേ ഞങ്ങൾക്ക് ഈ വെള്ളം ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടയിൽ, ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദലിനുനേരെ ഉണ്ടായ ആക്രമണത്തെയും ഒമർ അബ്ദുല്ല ശക്തമായി അപലപിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ആക്രമണങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമൃത്സറിലും ഇതിനുമുമ്പ് സമാനമായ ആക്രമണം നടന്നിരുന്നുവെന്നും, തുടർന്ന് അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ നൽകുമെന്ന് പ്രഖ്യാപിച്ചതാണെന്നും ഒമർ അബ്ദുല്ല ഓർമ്മിപ്പിച്ചു. എന്നാൽ അങ്ങനെയൊരു സുരക്ഷ ഉണ്ടായിട്ടും വീണ്ടും ആക്രമണം നടക്കുകയും അദ്ദേഹം പരിക്കേറ്റ് ആശുപത്രിയിലാവുകയും ചെയ്തു എന്നത് ഗൗരവകരമാണ്. ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പരാതികളോ പ്രതിഷേധങ്ങളോ ഉണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പുകളിലൂടെയാണ് പ്രകടിപ്പിക്കേണ്ടത് അല്ലാതെ ഇത്തരം അതിക്രമങ്ങളിലൂടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം അക്രമങ്ങൾ വളരെ അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.