ന്യൂഡൽഹി: തൊഴിലിടങ്ങളിലെ സമ്മർദ്ദങ്ങളും ശമ്പളവും വലിയ ചർച്ചയാകുന്ന കാലത്ത് ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള ജോലി വേണ്ടെന്നുവെച്ച യുവാവിന്റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 25 വയസ്സുള്ളപ്പോൾ ലഭിച്ച ഈ വലിയ അവസരം ഉപേക്ഷിക്കാൻ ഇദ്ദേഹം കാണിച്ച ധൈര്യം ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.
ഐഐഎം ലഖ്‌നൗ പൂർവ്വ വിദ്യാർത്ഥിയും സീനിയർ പ്രൊഡക്ട് മാനേജരുമായ മുസ്കൻ അതാർ ആണ് തന്‍റെ സുഹൃത്തിനെക്കുറിച്ചുള്ള ഈ വാർത്ത ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ചത്. സമ്മർദം നിറഞ്ഞ തൊഴിൽ അന്തരീക്ഷം ഭയന്നാണ് തന്റെ സുഹൃത്ത് ഒരു കോടി രൂപയുടെ ജോലി ഓഫർ നിരസിച്ചതെന്ന് മുസ്കൻ അതാർ കുറിപ്പിൽ വ്യക്തമാക്കുന്നു.
25 വയസ്സുള്ളപ്പോൾ ഇത്തരമൊരു തീരുമാനം എടുക്കാൻ കാണിച്ച വ്യക്തതയും ധൈര്യവും അത്ഭുതപ്പെടുത്തുന്നു. സമാനമായ സാഹചര്യങ്ങളിൽ കുടുംബപരമായ ഉത്തരവാദിത്തങ്ങളും മറ്റും കാരണം ഞാനാണെങ്കിൽ ഒരുപക്ഷേ ആ ഓഫർ സ്വീകരിച്ചേനെയെന്ന് മുസ്കാൻ തന്‍റെ പോസ്റ്റിൽ കുറിച്ചു. ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. തൊഴിലിടങ്ങളിലെ മാനസികാരോഗ്യം, ജോലിയിലെ സംതൃപ്തി, മൂല്യങ്ങൾ എന്നിവക്ക് യുവാക്കൾ ഇപ്പോൾ കൂടുതൽ മുൻഗണന നൽകുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെടുന്നു. കേവലം ശമ്പളത്തേക്കാൾ ഉപരിയായി ജോലി ചെയ്യുന്ന അന്തരീക്ഷത്തിന്റെ ഗുണനിലവാരത്തിനാണ് പുതിയ തലമുറ പ്രാധാന്യം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.