യോഗി ആദിത്യനാഥ് 

‘പപ്പു, ടപ്പു, അക്കു’; ഇൻഡ്യ മുന്നണിക്കായി പ്രചാരണം നടത്തുന്നത് മൂന്ന് കുരങ്ങന്മാരെന്ന് യോഗി

ദർഭംഗ (ബിഹാർ): നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇൻഡ്യ മുന്നണി നേതാക്കളെ കുരങ്ങന്മാരെന്നു വിളിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും യോഗി ആദിത്യനാഥ് രംഗത്ത്. കോൺഗ്രസ് എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകൾ വിളിച്ചാണ് ആദിത്യനാഥ് അവഹേളിച്ചത്. ബിഹാറിലെ ദർഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ, മൂന്ന് കുരങ്ങന്മാരാണ് പ്രതിപക്ഷത്തിനായി പ്രചാരണം നടത്തുന്നതെന്ന് യോഗി പറഞ്ഞു.

“മഹാത്മ ഗാന്ധിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതു പോലെ, ഇന്ന് പപ്പു, ടപ്പു, അപ്പു എന്നീ പേരുകളുള്ള കുരങ്ങന്മാരാണ് ഇൻഡ്യ മുന്നണിക്കുള്ളത്. പപ്പുവിന് സത്യമോ നല്ലതെന്തെങ്കിലുമോ പറയാനാകില്ല. ടപ്പുവിന് സത്യം കാണാനും അപ്പുവിന് കേൾക്കാനും കഴിയില്ല. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തേജസ്വി യാദവും ഇൻഡ്യ സഖ്യത്തിന്റെ പുതിയ മൂന്ന് കുരങ്ങന്മാരാണ്. ഇവർ ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയും കലാപങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരുമാണ്. ഇവർ കുടുംബ മാഫിയകളെ പ്രലോഭിപ്പിച്ച് ശിഷ്യന്മാരാക്കി ബിഹാറിന്റെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നു. ബിഹാറിൽ ജാതിയെ ജാതിക്കെതിരെ തിരിച്ചുവിട്ടു. തോക്കുകളും പിസ്റ്റളുകളും ഉപയോഗിച്ച് ബിഹാറിന്റെ മുഴുവൻ സംവിധാനവും അലങ്കോലമാക്കി” -യോഗി പറഞ്ഞു.

കോൺഗ്രസും ആർ.ജെ.ഡിയും സമാജ്വാദി പാർട്ടിയും ബിഹാറിൽ കുറ്റവാളികളെ കെട്ടിപ്പിടിക്കുകയാണെന്നും നുഴഞ്ഞുകയറ്റക്കാരെ വിളിച്ചുകയറ്റി സംസ്ഥാനത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും യോഗി ആരോപിച്ചു. “നമ്മൾ ഭിന്നിക്കുകയില്ല, പരസ്പരം പോരടിക്കുകയുമില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം അധികാരത്തിലിരുന്നപ്പോൾ റേഷൻ കടകൾ കൊള്ളയടിക്കപ്പെട്ടു. ഇന്ന് ബിഹാറിലുള്ളവർ ഉൾപ്പെടെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കുന്നുണ്ട്” - യോഗി കൂട്ടിച്ചേർത്തു.

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനം ബി.ജെ.പി നിറവേറ്റിയെന്നും ഇനി സീതാമഡിയിൽ മാ ജാനകിയുടെ ക്ഷേത്രം നിർമിച്ച് അതിനെ രാം ജാനകി മാർഗ് വഴി അയോധ്യയുമായി ബന്ധിപ്പിക്കുമെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് നവംബർ ആറിനും 11നുമായി രണ്ടുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ദേശീയ നേതാക്കളെ എത്തിച്ച് വലിയ പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്. ഞായറാഴ്ച ബിഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷത്തിനു നേരെ വിമർശനങ്ങളുന്നയിച്ചിരുന്നു.

Tags:    
News Summary - Yogi Adityanath's 'Pappu', 'Tappu', 'Akku' Jab At Opposition Leaders In Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.