ലക്നോ: രാജ്യത്തെയും ഇവിടുത്തെ മുസ്‍ലിംകളെയും ഏറ്റവും കൂടുതൽ ദ്രോഹിച്ചതും മുറിവേൽപിച്ചതുമായ വാക്ക് ‘മതേതരം’ എന്നതാണെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ. പ്രയാഗ് രാജിനടുത്ത കാർച്ചനയിൽ നരേന്ദ്ര മോദി സർക്കാറിന്റെ നേട്ടങ്ങൾ പ്രകീർത്തിക്കുന്നതിനായി ഒരുക്കിയ പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ഷാനവാസ് ഹുസൈന്റെ പരാമർശം.
‘പ്രതിപക്ഷ കക്ഷികൾ തങ്ങളുടെ വോട്ട് ബാങ്ക് എപ്പോഴും ഒട്ടിപ്പിടിച്ചു നിർത്താനായി മതേതരമെന്ന വാക്ക് ഫെവികോൾ പോലെ ഉപയോഗിക്കുകയാണ്. കഴിഞ്ഞ 75 വർഷമായി വോട്ടിനുവേണ്ടി അവരെ പേടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഉത്തർ പ്രദേശിലെയും ബിഹാറിലെയും ‘മതേതര കടകൾ‘ ഏറക്കുറെ പൂട്ടിയ അവസ്ഥയിലാണിപ്പോൾ. ഏതെങ്കിലുമൊരു വാക്ക് ഇന്ത്യയെയും ഇവിടുത്തെ മുസ്‍ലികളെയും ഏറ്റവുമധികം ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അത് ‘മതേതരം’ എന്നതാണ്.’ -ബി.ജെ.പി വക്താവ് പറഞ്ഞു.
ജൂൺ 23ന് രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ ചേർന്നു നടത്തുന്ന യോഗത്തെയും ഷാനവാസ് ഹുസൈൻ പരിഹസിച്ചു. ‘ഈ ആളുകളൊക്കെ ബിഹാറിലേക്ക് വരും. പരമ്പരാഗത ബിഹാറി ഭക്ഷണം കഴിക്കും. 35 സെക്കൻഡ് നേരത്തേക്ക് കൈ ഉയർത്തിക്കാട്ടും. പിന്നെ അവരവരുടെ വഴിക്ക് പോകും’ - ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.