മുംബൈ: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തിന് പിന്നാലെ സമൂഹമാധ്യമത്തിൽ വിദ്വേഷ പരാമർശവുമായി മുംബൈ ബി.ജെ.പി അധ്യക്ഷൻ അമീത് സതം. ന്യൂയോർക്ക് നഗരത്തിൽ കണ്ട അതേ രാഷ്ട്രീയം മുംബൈയിലും കൊണ്ടുവരാൻ ശ്രമം നടക്കുന്നുവെന്ന് അന്ധേരി വെസ്റ്റ് എം.എൽ.എ കൂടിയായ സതം അവകാശപ്പെട്ടു.
‘ചില അന്താരാഷ്ട്ര നഗരങ്ങളുടെ നിറം മാറിക്കൊണ്ടിരിക്കുന്നതുപോലെ, ചില മേയർമാരുടെ കുടുംബപ്പേരുകൾ കണ്ടതിനുശേഷം, മഹാ വികാസ് അഘാഡിയുടെ വോട്ട് ജിഹാദിന് സാക്ഷ്യം വഹിച്ചതിനുശേഷം, മുംബൈയിലെ നിലവിലെ സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു ..!,’ അമീത് എക്‌സിൽ കുറിച്ചു.
‘ആരെങ്കിലും മുംബൈയിൽ ഒരു ‘ഖാൻ’ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ, അത് സഹിക്കാനാവില്ല! മുംബൈ നിവാസികളേ, ഉണരൂ..!,’ സതം കുറിപ്പിൽ പറഞ്ഞു. ന്യൂയോര്‍ക്ക് മേയറായി സൊഹ്‌റാന്‍ മംദാനിയുടെ വിജയത്തിന് മണിക്കൂറുകൾക്ക് പിന്നാലെയായിരുന്നു അമീതിന്റെ പ്രതികരണം.
2022 മുതൽ വൈകിയ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) തെരഞ്ഞെടുപ്പ് 2026 ജനുവരി 31ന് നടക്കാനിരിക്കെ അമീതിന്റെ പരാമർശം ദുരുദ്ദേശപരമാണെന്നാണ് പ്രതിപക്ഷ പാർട്ടികളടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇക്കുറി ബി.ജെ.പിയും ശിവസേന (യു.ബി.ടി), എൻ.സി.പി (ശരദ് പവാർ വിഭാഗം), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യവും തമ്മിൽ ശക്തമായ മത്സരമാണ് മുംബൈയിൽ പ്രതീക്ഷിക്കുന്നത്.
അതേസമയം, അമീത് സതത്തിന്റെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും സമുദായ സംഘടനകളും രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിനെ വർഗീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അമീത് സതമിന്റെ മാനസികാവസ്ഥ തകരാറിലായതായി തോന്നുന്നുവെന്നായിരുന്നു ശിവസേന(യു.ബി.ടി) നേതാവ് ആനന്ദ് ദുബെയുടെ പ്രതികരണം. അമീതിന് ഈശ്വരൻ ജ്ഞാനം നൽകട്ടെ, ഒരു മറാത്തി ഹൈന്ദവൻ മേയറാവുമെന്ന് എനിക്ക് ഉറപ്പുണ്ട്. സതാമിന്റെ ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്നും ആനന്ദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.