മഹാരാഷ്ട്രയിൽ യന്ത്ര ഊഞ്ഞാലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതര പരിക്ക്; തലയോട്ടി ഭാഗികമായി അടർന്നു

യവത്മാൽ: മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ മഹാഗാവിൽ ഉത്സവമേളക്കിടെ യന്ത്ര ഊഞ്ഞാലിൽ മുടി കുടുങ്ങി യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫുൽസവാംഗി സ്വദേശിനിയായ ബാലി മാരുതി താലിക്കോട്ടെ (25) ആണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

'താനാ പോള' ഉത്സവത്തോടനുബന്ധിച്ച് പുനേശ്വർ മഹാദേവ ക്ഷേത്ര പരിസരത്ത് സംഘടിപ്പിച്ച ഒരുദിവസത്തെ മേളയിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. മേള കാണാനെത്തിയ യുവതി യന്ത്ര ഊഞ്ഞാലിൽ കയറിയതായിരുന്നു.

ഊഞ്ഞാൽ അതിവേഗം കറങ്ങുന്നതിനിടെ സീറ്റിന് പിന്നിലുണ്ടായിരുന്ന സംരക്ഷണ കവചമില്ലാത്ത ബെയറിങ്ങിൽ യുവതിയുടെ നീണ്ട മുടി കുടുങ്ങുകയായിരുന്നു. തുടർന്നുണ്ടായ ശക്തമായ വലിവിൽ തലയോട്ടിയുടെ ഒരു ഭാഗം അടർന്നുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

യുവതിയുടെ നിലവിളി കേട്ടാണ് മേളയിലുണ്ടായിരുന്നവർ സംഭവം അറിയുന്നത്. തുടർന്ന് മേളയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുനിൽ അംഭൂറെ, പോലീസ് കോൺസ്റ്റബിൾ സുഹാസ് കയ്തെ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ യന്ത്ര ഊഞ്ഞാൽ അടിയന്തരമായി നിർത്തി യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

യുവതി ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഉത്സവപ്പറമ്പുകളിലെ റൈഡുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Woman Seriously Injured On Ride

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.