മുംബൈയില്‍ മലയാളി യുവതി മകനോടൊപ്പം ഫ്‌ളാറ്റില്‍ നിന്നു ചാടി ജീവനൊടുക്കി; അയല്‍വാസി അറസ്റ്റില്‍

മുംബൈ: മുന്‍ മാധ്യമപ്രവര്‍ത്തകയായ മലയാളി യുവതി മുംബൈ ചാണ്ഡീവ്‌ലിയിലെ ഫ്‌ളാറ്റില്‍ നിന്ന് മകനോടൊപ്പം ചാടി ആത്മഹത്യ ചെയ്തു. പാലാ രാമപുരം സ്വദേശിയായ രേഷ്മ മാത്യു ട്രെഞ്ചില്‍ (43), മകന്‍ ഗരുഡ് (ആറ്) എന്നിവരാണ് മരിച്ചത്. ആത്മഹത്യാപ്രേരണക്കുറ്റത്തിന് അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. രേഷ്മയുടെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് നേരത്തെ മരിച്ചിരുന്നു.

തിങ്കളാഴ്ച അര്‍ധരാത്രി 2.30ഓടെ രേഷ്മ താമസിച്ച ഫ്‌ളാറ്റില്‍ നിന്നും മകനോടൊപ്പം ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ അയല്‍ക്കാര്‍ നിരന്തരം ശല്യംചെയ്യുന്നതായി എഴുതിയിട്ടുണ്ട്.

രേഷ്മയുടെ ഭര്‍ത്താവ് ശരത് മുലുക്തല മേയ് മാസത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചത്. വാരണാസിയില്‍ വെച്ചായിരുന്നു മരണം. ഭര്‍ത്താവിനെ അവസാനമായി കാണാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് രേഷ്മ വിഷാദാവസ്ഥയിലായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ച് രേഷ്മ സമൂഹമാധ്യമങ്ങളില്‍ എഴുതിയിരുന്നു.

ഫ്‌ളാറ്റിന് താഴെ താമസിക്കുന്നവര്‍ തങ്ങളെ കുറിച്ച് പരാതിപ്പെടുന്നതായി ആത്മഹത്യ കുറിപ്പില്‍ പറയുന്നു. മകന്‍ അമിതമായി ബഹളം വെക്കുന്നുവെന്ന് കാട്ടി സൊസൈറ്റി ബോര്‍ഡ് അംഗങ്ങളോടും പൊലീസിനോടും ഇവര്‍ തങ്ങളെ കുറിച്ച് പരാതിപ്പെട്ടുവെന്ന് രേഷ്മ പറയുന്നു. പരാതിയെ തുടര്‍ന്ന് ഒരിക്കല്‍ പൊലീസ് ഫ്‌ലാറ്റില്‍ വന്നിരുന്നു.

അയല്‍ക്കാരനായ 33കാരനെതിരെയും ഇയാളുടെ മാതാപിതാക്കള്‍ക്കെതിരെയുമാണ് ആത്മഹത്യാ പ്രേരണക്ക് കേസെടുത്തത്. അയല്‍ക്കാരുടെ ബുദ്ധിമുട്ടിക്കലുകള്‍ മരണത്തിന്റെ ഒരു കാരണം മാത്രമാണെന്നും കൃത്യമായി ഒന്നും അവര്‍ക്കെതിരെ പറഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അയല്‍ക്കാരെ കുറിച്ച് ആത്മഹത്യ കുറിപ്പില്‍ പരാതിപ്പെടുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ തങ്ങളെ സമീപിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Woman jumps off building with minor son, both killed; neighbour held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.