മദ്രാസ് ഹൈകോടതി


മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകരുത്; 'ഗീതയും വേദാന്തവും മതപരമായ പഠനമല്ല': മദ്രാസ് ഹൈകോടതി

ചെന്നൈ: മതപരിവർത്തന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സംഘടനയ്ക്കും വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള (എഫ്.സി.ആർ.എ) രജിസ്ട്രേഷൻ അനുവദിക്കരുതെന്ന് മദ്രാസ് ഹൈകോടതി. വിദേശ ഫണ്ട് ഉപയോഗിച്ച് മതപരിവർത്തനം നടത്താൻ നിർബാധം അനുവാദം നൽകിയാൽ അത് രാജ്യത്തിന്റെ പരമാധികാരത്തിന് തന്നെ കടുത്ത ഭീഷണിയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊടൈക്കനാലിൽ സെൻ ധ്യാനകേന്ദ്രം നടത്തുന്ന 'കാൻസിയോൺ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്' എഫ്.സി.ആർ.എ രജിസ്ട്രേഷൻ നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.

മതപരിവർത്തനം തടയുന്നത് സംബന്ധിച്ച എഫ്.സി.ആർ.എ നിയമത്തിലെ സെക്ഷൻ 12(4)(a)(ii) എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.

"ഘർ വാപസി നടത്തുന്ന ഒരു തീവ്ര ഹിന്ദു സംഘടനയ്ക്കാണെങ്കിൽ പോലും എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാൻ നിയമപരമായി കഴിയില്ല. മതപരിവർത്തനത്തിനായി വിദേശത്ത് നിന്ന് പണമൊഴുക്കാൻ അനുവദിച്ചാൽ അത് രാജ്യത്തിന്റെ അഖണ്ഡതയെയും പരമാധികാരത്തെയും അപകടത്തിലാക്കും."

— ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.

തീവ്ര ക്രൈസ്തവ സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി പരക്കെ ആക്ഷേപമുണ്ടെന്ന് പരാമർശിച്ച കോടതി, എന്നാൽ ഹരജിക്കാരായ ട്രസ്റ്റിന് അത്തരം അജണ്ടകളുണ്ടെന്ന് തങ്ങൾ ആരോപിക്കുന്നില്ലെന്നും ഉടൻ കൂട്ടിച്ചേർത്തു.

സലാഡ് ബൗൾ മാതൃകയും സംഘർഷങ്ങളും

അമേരിക്കയെപ്പോലെ എല്ലാ സംസ്കാരങ്ങളും ഒന്നായി അലിഞ്ഞുചേരുന്ന 'മെൽറ്റിംഗ് പോട്ട്' അല്ല ഇന്ത്യയെന്നും, മറിച്ച് വിവിധ വ്യക്തിത്വങ്ങൾ തനിമയോടെ നിലനിൽക്കുന്ന 'സലാഡ് ബൗൾ' ആണെന്ന ജസ്റ്റിസ് റൂമ പാലിന്റെ സുപ്രധാന നിരീക്ഷണം കോടതി ഉദ്ധരിച്ചു. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗം മേൽക്കൈ നേടാൻ ശ്രമിച്ചാൽ ഈ സന്തുലിതാവസ്ഥ തകരും. കേരളത്തിൽ ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങൾ തമ്മിൽ സമീപകാലത്തുണ്ടായ അസ്വാരസ്യങ്ങളെയും കോടതി ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഭാരതീയ ധ്യാന പാരമ്പര്യത്തിന്റെ ഭാഗമാണ് സെൻ ധ്യാനമെന്നും അതിനാൽ തങ്ങളുടെ പ്രവർത്തനങ്ങളെ മതപരമായി കാണരുതെന്നുമായിരുന്നു ട്രസ്റ്റിന്റെ വാദം. എന്നാൽ ട്രസ്റ്റ് മതപരമായ പരിപാടികളാണ് നടത്തുന്നതെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിന്നു. ട്രസ്റ്റിന്റെ സ്ഥാപകനും ജീവനാഡിയുമായ ഫാദർ അമ സാമി ഒരു ക്രൈസ്തവ പുരോഹിതനാണെന്ന് കോടതി നിരീക്ഷിച്ചു.

'പുള്ളിപ്പുലി അതിന്റെ പുള്ളികൾ മാറ്റില്ല' എന്ന പഴഞ്ചൊല്ല് ഓർമിപ്പിച്ച ബെഞ്ച്, ഉൾക്കൊള്ളലിന്റെ സംസ്കാരമുള്ള ഹൈന്ദവ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി അബ്രഹാമിക് മതങ്ങൾ അന്തർലീനമായി സവിശേഷവാദത്തിൽ വിശ്വസിക്കുന്നവയാണെന്ന് നിരീക്ഷിച്ചു. തങ്ങളുടേത് മാത്രമാണ് അന്തിമമായ സത്യമെന്നാണ് ഇത്തരം മതങ്ങളിലെ ഭക്തർ വിശ്വസിക്കുന്നത്. തദ്ദേശീയമായ ബിംബങ്ങളെയും ആചാരങ്ങളെയും വശത്താക്കി പിന്നീട് അധികാരം സ്ഥാപിക്കാനുള്ള രീതി ഇത്തരം മിഷനറി പാരമ്പര്യങ്ങൾ പയറ്റാറുണ്ടെന്ന വാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അത്തരം സംവാദങ്ങളിലേക്ക് കടക്കാൻ കോടതി മുതിരുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

വിദേശ സംഭാവന മൗലികാവകാശമല്ല; ഗീതയും വേദാന്തവും മതപരമായ പഠനമല്ല

മഹായാന ബുദ്ധമതത്തിന്റെ ഒരു വകഭേദമാണ് സെൻ ബുദ്ധിസമെന്നും, എഫ്.സി.ആർ.എ രജിസ്ട്രേഷൻ തേടുമ്പോൾ തങ്ങൾ ഒരു മതസംഘടനയാണെന്ന വിവരം ട്രസ്റ്റ് സത്യസന്ധമായി വെളിപ്പെടുത്തണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഒളിച്ചുകളി നടത്താതെ കാര്യങ്ങൾ തുറന്നുപറയാൻ ട്രസ്റ്റിന് ബാധ്യതയുണ്ടായിരുന്നു. സെൻ തത്ത്വചിന്ത യഥാർത്ഥത്തിൽ ചൈനീസ് ഉത്ഭവമുള്ളതാണ്. വിദേശ സംഭാവന സ്വീകരിക്കുക എന്നത് ആരുടെയും സ്ഥാപിത അവകാശമോ മൗലികാവകാശമോ അല്ലെന്നും, അത് സർക്കാരിൽ നിന്ന് ലഭിക്കുന്ന ഒരു പ്രത്യേക ആനുകൂല്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം, പരമ്പരാഗത ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ പഠിപ്പിക്കുന്നതിനെ മതപ്രവർത്തനമായി കാണാനാകില്ലെന്ന് കോടതി വേർതിരിച്ചു കാണിച്ചു. വേദാന്തം, ഭഗവദ്ഗീത, ഉപനിഷത്തുകൾ, യോഗ എന്നിവ പഠിപ്പിക്കുന്ന സംഘടനകളെ സാധാരണയായി മതസ്ഥാപനങ്ങളായല്ല, മറിച്ച് വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളായാണ് പരിഗണിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

Tags:    
News Summary - No FCRA for Organisations in Religious Conversion, Even Ghar Wapsi: Madras HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.