പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിക്കാൻ 5 കോടി രൂപ വാങ്ങിയെന്ന ആരോപണം തള്ളി വിരാട് കോഹ്ലി

ലഖ്നോ: വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും വൃന്ദാവനിലെ രാധാ കേളി കുഞ്ച് ആശ്രമം ഇടക്ക് സന്ദർശിക്കാറുണ്ട്. ആത്മീയ ഗുരുവായ പ്രേമാനന്ദ് മഹാരാജിന്റെ ആശ്രമം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് പണം ലഭിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളെ വിരാട് കോലി ശക്തമായി നിഷേധിച്ചു. ഈ അവകാശവാദങ്ങൾ തികച്ചും വ്യാജവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് കോലിയുടെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

ആശ്രമത്തിലെ ഒരു അനുയായിയുടെ ദുരൂഹമരണത്തെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിലാണ് കോലിക്കെതിരെയുള്ള ഈ ആക്ഷേപങ്ങളും ഉയർന്നുവന്നത്. ശ്രീ കൃഷ്ണ ജന്മഭൂമി സംഘർഷ്ന്യാസ് പ്രസിഡന്റായ ഫലാഹാരി മഹാരാജാണ് പ്രേമാനന്ദ് മഹാരാജിന്റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കോലിയെ ആശ്രമത്തിലെത്തിക്കാൻ 5 കോടി രൂപ നൽകിയെന്ന് അവകാശപ്പെട്ടത്. എന്നാൽ ഇത്തരം പ്രചാരണങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് കോലിയുടെ പക്ഷം വ്യക്തമാക്കി.

ആരോപണങ്ങളെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് കോലിയുടെ ഓഫീസ് പ്രതികരിച്ചത് ഇങ്ങനെയാണ്, 'ഫലാഹാരി മഹാരാജ് ദിനേശ് ശർമ്മ മിസ്റ്റർ വിരാട് കോലിയെക്കുറിച്ച് ഉന്നയിച്ച അവകാശവാദങ്ങൾ പൂർണമായും വ്യാജവും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.' മഹാരാജ് ജിയോടുള്ള അഗാധമായ വിശ്വാസവും ആദരവും കൊണ്ടുമാത്രമാണ് വിരാട് കോലി അദ്ദേഹത്തെ സന്ദർശിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുൻപ് മാധ്യമങ്ങൾ വസ്തുതകൾ കൃത്യമായി പരിശോധിച്ച് ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു.

കോലിയും അനുഷ്ക ശർമ്മയും ഈ ആശ്രമത്തിലെ പതിവ് സന്ദർശകരാണ്. 2023 ജനുവരി 4-നാണ് ഇരുവരും ആദ്യമായി ഇവിടെയെത്തിയത്. ഇതിനുശേഷവും നിരവധി തവണ അവർ ആത്മീയ ഗുരുവിനെ കാണാൻ എത്തിയിട്ടുണ്ട്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും കോലി വിരമിച്ചതിന് ശേഷവും ഈ സന്ദർശനങ്ങൾ തുടരുന്നുണ്ട്.

Tags:    
News Summary - Virat Kohli denies allegations of taking Rs 5 crore to visit ashram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.