'ഇതോ ബി.ജെ.പിയുടെ സുരക്ഷിത ബംഗാൾ?'; അഞ്ചുമാസത്തിനിടെ 2400ലധികം ബലാത്സംഗ കേസുകളെന്ന് തൃണമൂൽ കോൺഗ്രസ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ക്രമസമാധാന തകർച്ച ചൂണ്ടിക്കാട്ടി ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് (ടി.എം.സി). ബി.ജെ.പി ഭരണത്തിന് കീഴിൽ വെറും അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 2,400-ലധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തതായി ടി.എം.സി ആരോപിച്ചു.

സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എസ്.സി.ആർ.ബി) കണക്കുകൾ ഉദ്ധരിച്ചാണ് എക്സിലൂടെയുള്ള (ട്വിറ്റർ) തൃണമൂൽ കോൺഗ്രസിന്റെ വിമർശനം. അഞ്ച് മാസ കാലയളവിനുള്ളിൽ 2,454 ബലാത്സംഗ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇതിനുപുറമെ 600 കൊലപാതകങ്ങൾ, 13,114 വധശ്രമങ്ങൾ, ഗുരുതരമായി പരിക്കേൽപ്പിച്ച 32,341 ആക്രമണ കേസുകൾ എന്നിവയും ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പാർട്ടി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

"ബി.ജെ.പി ഭരണത്തിന് കീഴിൽ വെറും അഞ്ച് മാസത്തിനിടെ ബംഗാളിൽ 2400-ൽ പരം ബലാത്സംഗ കേസുകൾ!" എന്ന് കുറിച്ച ടി.എം.സി, സ്ത്രീകളും സാധാരണക്കാരും നിരന്തരം ഭയന്ന് ജീവിക്കേണ്ട അവസ്ഥയിലേക്ക് സംസ്ഥാനത്തെ ബി.ജെ.പി മാറ്റിയെന്നും കുറ്റപ്പെടുത്തി. ബി.ജെ.പി അവകാശപ്പെടുന്ന 'സുരക്ഷിതമായ ബംഗാൾ' ഇതാണോ എന്നും പാർട്ടി ചോദിച്ചു. ബി.ജെ.പിയുടെ 'ഭോർഷ ഇൻ, ഭോയ് ഔട്ട്' (വിശ്വാസം വരട്ടെ, ഭയം മാറട്ടെ) എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ പരിഹസിച്ച ടി.എം.സി, ഈ കുറ്റകൃത്യങ്ങളുടെ കണക്കുകളാണോ വാഗ്ദാനങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്നും ചോദിക്കുന്നു.

ബംഗാളിലെ ജനങ്ങൾ അർഹിക്കുന്നത് സുരക്ഷയും ഉത്തരവാദിത്തവും നീതിയുമാണെന്നും, അല്ലാതെ ബി.ജെ.പിയുടെ പൊള്ളയായ വാഗ്ദാനങ്ങളല്ലെന്നും (ജുംലകൾ) പാർട്ടി വ്യക്തമാക്കി. മുഖ്യമന്ത്രി സുവേന്ദു അധികാരിക്കെതിരെയും ടി.എം.സി നേരിട്ട് ആഞ്ഞടിച്ചു. മുഖ്യമന്ത്രി പൊള്ളയായ വാഗ്ദാനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും പിന്നിൽ ഒളിക്കുകയാണെന്നും ബംഗാളിലെ ജനങ്ങളെ അദ്ദേഹം പരാജയപ്പെടുത്തിയെന്നും പാർട്ടി ആരോപിച്ചു.

ബി.ജെ.പിയുടെ ഭരണപരാജയങ്ങൾ ഇനി മറച്ചുവെക്കാനാകില്ലെന്നും തുടക്കം മുതൽ തങ്ങൾ ഈ വിഷയം ഉന്നയിക്കുന്നതാണെന്നും ടി.എം.സി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Is This Your Safe Bengal?': TMC Slams BJP Over 2,400+ Rape Cases in 5 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.