'ബാഗുകൾ പാക്ക് ചെയ്തോളൂ, ഇത് നീണ്ടൊരു പോരാട്ടമായിരിക്കും'; ഡൽഹി പൊലീസിന് ഔദ്യോഗികമായി നോട്ടീസ് നൽകി സി.ജെ.പി

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ഉന്നയിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടും ഒക്ടോബർ 10-ന് ഡൽഹി ജന്തർമന്തറിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി പൊലീസിന് ഔദ്യോഗികമായി നോട്ടീസ് നൽകി.

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സി.ജെ.പി കോ-കൺവീനറായ സൗരവ് ദാസ് ഔദ്യോഗിക കത്ത് കൈമാറിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവാക്കളും പ്രവർത്തകരും ഒക്ടോബർ 10-ന് ജന്തർമന്തറിൽ ഒത്തുകൂടുമെന്നും അതിനാൽ ക്രമസമാധാന പാലനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി പൊലീസ് സഹകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. പൊലീസിന്റെ അനുമതിക്കായി ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രതിഷേധം കടുക്കുമെന്നും ഇത് വലിയൊരു പോരാട്ടമായിരിക്കുമെന്നും സൗരവ് ദാസ് മുന്നറിയിപ്പ് നൽകി. 'എല്ലാവരും ബാഗുകൾ പാക്ക് ചെയ്ത് ഈ സമരത്തിലേക്ക് ഇറങ്ങാൻ തയാറായിക്കോളൂ.  ഗ്യാനേഷ് കുമാർ രാജിവെച്ചാൽ പോലും ഞങ്ങൾ പിന്മാറില്ല. തെരഞ്ഞെടുപ്പ് കമ്മീഷനിൽ യഥാർത്ഥ മാറ്റങ്ങൾ ഉണ്ടാകുന്നതുവരെ ഞങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കും,' അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ നടപടികളിലെ ക്രമക്കേടുകൾക്കെതിരെയാണ് ഈ പ്രതിഷേധം.

തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ഭരണകക്ഷിയുടെയും നടപടികൾക്കെതിരെ വിദ്യാർഥി സംഘടനകളും ഒന്നിച്ചണിനിരക്കുകയാണെന്ന് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നേഹ ബോറ പറഞ്ഞു. ജ്ഞാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും, എസ്.ഐ.ആർ നടപടികൾ മരവിപ്പിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും തുടങ്ങിയ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്.

Tags:    
News Summary - Pack your bags, this will be a long fight says CJP leader Sourav Das

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.