മദ്യപ സംഘം കാറിൽ പിന്തുടർന്ന് ശല്യം ചെയ്ത് അപകടമുണ്ടാക്കി; യുവതിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: മദ്യപിച്ചെത്തിയ പുരുഷൻമാർ കാറിനെ പിന്തുടരുകയും ശല്യപ്പെടുത്തി അപകടമുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് യുവതി മരിച്ചു. ബംഗാൾ ഹൈവേയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യപിച്ച് മ​റ്റൊരു വാഹനത്തിൽ സഞ്ചരിച്ച സംഘം  26 കാരിയെ ഉപദ്രവിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് കാർ ദുർഗാപൂർ എക്‌സ്‌പ്രസ്‌വേയിൽ ഇടിച്ചു കയറിയാണ് അപകടം. സംഭവം ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്താൻ തുടങ്ങി.

ഹൂഗ്ലിയിലെ ചന്ദർനാഗോറിൽ താമസിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ജോലിക്കാരിയായ സുതന്ദ്ര ചതോപാധ്യായ കൂട്ടുകാർക്കൊപ്പം കാറിൽ ഗയയിലേക്ക് പോകുകയായിരുന്നു. മറ്റൊരു വാഹനത്തിൽ മദ്യപിച്ചെത്തിയ ചിലർ കൊൽക്കത്തയിൽനിന്ന് 140 കിലോമീറ്റർ വടക്കു പടിഞ്ഞാറ് ബർദ്വാനിലെ ബുഡ്ബഡിലെ പെട്രോൾ പമ്പിൽ വെച്ച് സുതന്ദ്രയുടെ കാറിലേക്കു നോക്കി അസഭ്യം പറഞ്ഞു. ഇരയുടെ വാഹനം പനഗഢിലേക്ക് പോകവെ മദ്യപ സംഘത്തിന്റെ വാഹനം പിന്തുടരുകയും അധിക്ഷേപങ്ങളുടെ ശല്യം തുടരുകയും ചെയ്തുവെന്ന് ബർദ്‌വാൻ പൊലീസ് പറയുന്നു.

രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ ഇരയുടെ വാഹനത്തിന്റെ ഡ്രൈവർ പനഗഢിലെ റൈസ് മിൽ റോഡിൽ നിന്ന് ഇടത്തേക്ക് തിരിയുകയും ഉടൻ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. പലചരക്ക് കടയിലും പൊതു ടോയ്‌ലറ്റിലും ഇടിച്ചാണ് കാർ നിന്നത്. സുതന്ദ്ര സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്നവർക്ക് സാരമല്ലാത്ത പരിക്കുപറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാങ്ക്‌സ പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടിരുന്നു. അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ അവരുടെ വാഹനം പിടിച്ചെടുത്തു. അവർ പ്രദേശവാസികളായിരിക്കാം. കാൽനടയായി അത്ര ദൂരം ഓടാൻ കഴിയില്ല -ഡെപ്യൂട്ടി കമീഷണർ അഭിഷേക് ഗുപ്ത പറഞ്ഞു.

‘പെട്രോൾ പമ്പു മുതൽ അവർ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. റോഡിൽവെച്ച് ഇടിച്ചിടാൻ ശ്രമിച്ചു’- പരിക്കേറ്റവരിലൊരാളായ മിന്റു മണ്ഡൽ പറഞ്ഞു. ആവർത്തിച്ച് മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഗുണ്ടകൾ തന്റെ വാഹനം റോഡിന്റെ ഇടതുവശത്തേക്ക് തള്ളുകയായിരുന്നുവെന്ന് കാറിന്റെ ഡ്രൈവർ രാജ്ദിയോ ശർമ പറഞ്ഞു. ചിലപ്പോൾ ഇടത്തുനിന്നും ചിലപ്പോൾ വലത്തുനിന്നും അവർ ഞങ്ങളെ റോഡിൽ പിന്തുടരുന്നു. അവർ ഞങ്ങളെ ഡിവൈഡറിലേക്ക് തള്ളിയിടാൻ പോലും ശ്രമിച്ചു -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Woman dies after drunk men harass her, chase her car on Bengal highway, cause accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.