ഡി. രാജ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ഇന്ത്യൻ ജനതക്കൊപ്പമാണോ സുഹൃത്ത് ട്രംപിനൊപ്പമാണോ എന്ന് മോദി വിശദീകരിക്കണമെന്ന് രാജ ആവശ്യപ്പെട്ടു.
'മഹാത്മ ഗാന്ധിയുടെ കാലം തൊട്ട് ഫലസ്തീനൊപ്പം നിൽക്കുന്ന ഇന്ത്യ ഇന്ന് ഇസ്രായേലിനൊപ്പമാണ്. പി.എൽ.ഒയെ ആദ്യമായി അംഗീകരിച്ച രാജ്യമാണ് ഇന്ത്യ. എന്നിട്ടും മോദി ഇസ്രായേലിനൊപ്പം നിൽക്കുന്നു. ഇസ്രായേലാകട്ടെ അമേരിക്കക്ക് ഒപ്പമാണ്. ആ അമേരിക്ക ഇന്ത്യക്കെതിരെയുമാണ്. ഈ കാപട്യം വിശദീകരിക്കേണ്ടത് മോദിയാണ്. മോദി ഇന്ത്യൻ ജനതക്കൊപ്പമാണോ സുഹൃത്ത് ട്രംപിനൊപ്പമാണോ? മോദി ഫലസ്തീൻ ജനതക്കൊപ്പമാണോ യുദ്ധക്കൊതിയന്മാരായ ഇസ്രായേലിനൊപ്പമാണോ? ഇക്കാര്യം കൂടി രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഇടതുപാർട്ടികൾക്കുണ്ട്' -രാജ ചൂണ്ടിക്കാട്ടി.
ഒരു നരേറ്റിവ് സൃഷ്ടിക്കുന്നതിൽ ഇൻഡ്യ സഖ്യം വിജയിച്ചിരിക്കുന്നു. ‘വോട്ടുചോരി’ക്കെതിരെയുള്ള കാമ്പയിൻ അതിന്റെ തെളിവാണ്. വ്യാപകമായ കൃത്രിമങ്ങൾ കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ട് അധികാരത്തിൽ വന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായതിന്റെ ജനകീയ മുന്നേറ്റമാണ് ബിഹാറിൽ കണ്ടത്.
വൻ ജനപങ്കാളിത്തമാണ് രാഹുൽഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രക്കുണ്ടായത്. ജനങ്ങൾ ബി.ജെ.പിയെയും തെരഞ്ഞെടുപ്പ് കമീഷനെയും ചോദ്യംചെയ്തു തുടങ്ങിയിരിക്കുന്നു. സ്വന്തം ഭരണപരാജയം മറച്ചുവെക്കാനാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ഇതെല്ലാം കണ്ട് മോദിയും ബി.ജെ.പിയും ചകിതരായിരിക്കുന്നു.
ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് സീറ്റുധാരണയുണ്ടാക്കേണ്ടതുണ്ട്. സീറ്റുധാരണ ചർച്ച ഫലപ്രദമല്ലെങ്കിൽ ഫലം ഗുണകരമാവില്ല. അതാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും ഡൽഹിയിലും കണ്ടത്. എല്ലാ ഇൻഡ്യ കക്ഷികൾക്കും ഇടംനൽകുന്ന തരത്തിൽ സീറ്റ് പങ്കുവെക്കൽ പരമപ്രധാനമാണ്. തമിഴ്നാട്ടിൽ അതു ഫലം കണ്ടു. ഇൻഡ്യ സഖ്യത്തിന്റെ ശരിയായ മാതൃക തമിഴ്നാടാണ്. ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തിൽ സീറ്റ് പങ്കുവെക്കൽ ഒരു പ്രതിബന്ധമാകരുതെന്നും ഡി. രാജ ആവശ്യപ്പെട്ടു.
മോദി നയിക്കുന്ന നിലവിലെ ഭരണകൂടം ബി.ജെ.പിയുടേതാണെങ്കിലും ശാസനകൾ ആർ.എസ്.എസിന്റേതാണ്. സ്വന്തം ഭൂരിപക്ഷമില്ലാതെ നിതീഷ് കുമാറിന്റെയും ചന്ദ്രബാബുവിന്റെയും പിന്തുണയിലുള്ള സർക്കാറായിട്ടും അങ്ങേയറ്റം ആക്രമണ ശൈലിയാണ് അവർ സ്വീകരിക്കുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനുമാണ് ബി.ജെ.പിയും ആർ.എസ്.എസും ഭീഷണി ഉയർത്തുന്നത്. ഇതിൽനിന്ന് രാജ്യത്തെ എങ്ങനെ രക്ഷിക്കുമെന്നതാണ് പ്രധാന വെല്ലുവിളി.
ആർ.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടിനെ പരാജയപ്പെടുത്താതെ രാജ്യത്തെ രക്ഷിക്കാൻ സാധ്യമല്ല. എല്ലാ മതേതര രാഷ്ട്രീയ പാർട്ടികളെയും അണിനിരത്തിയുള്ള സാമൂഹിക മുന്നേറ്റമാണ് രാജ്യം തേടുന്നത്. അതാണ് പാർട്ടി കോൺഗ്രസ് പ്രധാനമായും ചർച്ച ചെയ്തത്. ഇതിനായി പാർട്ടിയെ നയിക്കേണ്ട ദൗത്യമാണ് എന്നിൽ ഏൽപിച്ചിരിക്കുന്നതെന്നും ‘മാധ്യമ’ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡി. രാജ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.