മാണ്ഡ്യ പിടിക്കാൻ മോദിയെ ഇറക്കി ബി.ജെ.പി, കർണാടകക്ക് 16,000കോടിയുടെ പദ്ധതികളും

ബംഗളൂരു: കർണാടകയിലെ അഴിമതി ആരോപണങ്ങൾ ശക്തമായിരിക്കെ, കർണാടകയിലെ മാണ്ഡ്യയിൽ വിജയം വരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര​ മോദിയെ ഇറക്കി ബി.ജെ.പി. ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം 16,000കോടിയുടെ പദ്ധതികൾക്കാണ് കർണാടകയിൽ മോദി തറക്കല്ലിടുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതികൾക്ക് മുന്നോടിയായി മാണ്ഡ്യമേഖലയിൽ മോദിയുടെ മെഗാ റാലിയും ബി.ജെ.പി ഒരുക്കുന്നു.

മാണ്ഡ്യ ജെ.ഡി.എസിന്റെ ശക്തി കേന്ദ്രമാണ്. പഴയ മൈസൂർ മേഖലയിലെ മാണ്ഡ്യ ഉൾപ്പെടെ 61 നിയമസഭാ മണ്ഡലങ്ങൾ ജെ.ഡി.എസിന്റെ ശക്തികേന്ദ്രങ്ങളാണ്. കോൺഗ്രസും ഇവിടെ ശക്തരാണ്. ഈ മേഖല പിടിച്ചടക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബി.ജെ.പി മോദിയെ ഇവിടെ ഇറക്കിയിരിക്കുന്നത്.

2018ൽ ബി.ജെ.പി കോസ്റ്റൽ കർണാടകയിലും മുംബൈ-കർണാടക മേഖലയിലും നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും പഴയ മൈസൂർ മേഖലയിലും ഹൈദരാബാദ് -കർണാടക മേഖലയിലും ഭൂരിപക്ഷം തികക്കാൻ സാധിച്ചില്ല. ഈ സാഹചര്യതിലാണ് മോദിയെ ഈ പ്രദേശത്ത് ഇറക്കി 2023ലെ പൊതു തെരഞ്ഞെടുപ്പിന് കളമൊരുക്കുന്നത്.

2018 ലെ മുൻ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജെ.ഡി.എസ് വിജയിച്ചു. എന്നാൽ അടുത്ത വർഷം, 2019 ൽ, കെ.ആർ പേട്ട് മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ വിജയിച്ച നാരായണ ഗൗഡ, ബി.ജെ.പിയിലേക്ക് കൂറുമാറി. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ വിജയിച്ച് ജെ.ഡി.എസ് കോട്ടയിൽ പാർട്ടിക്ക് ആദ്യ വിജയം നൽകി.

അതുപോലെ, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും ജെ.ഡി.എസിലെയും കോൺഗ്രസിലെയും വിജയിക്കുന്ന സ്ഥാനാർഥികളെ പാർട്ടിയിലെത്തിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 8-10 സ്ഥാനാർഥികൾ വരെ ഇത്തരത്തിൽ പാർട്ടിയിലെത്തുമെന്ന് ബി.ജെ.പി കരുതുന്നു. 

Tags:    
News Summary - With PM's Mega Rally, Projects Worth Crores, BJP Eyes Rivals' Stronghold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.