'അങ്ങനെയെങ്കിൽ ആമിർ ഖാനെതിരെയും കേസ് കൊടുക്കണം'; 'സത്യമേവ ജയതേ' ടോക്-ഷോ വിഡിയോ പങ്കുവെച്ച് രാംദേവ്

ന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരായ വിവാദ പരാമർശത്തിന്‍റെ പേരിൽ ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള പോര് കടുക്കുകയാണ്. പരാമർശം പിൻവലിച്ച് ബാബാ രാംദേവ് തടിയൂരാൻ ശ്രമിച്ചെങ്കിലും വിവാദം തുടരുകയാണ്. തനിക്കെതിരെ പരാതിപ്പെടാമെങ്കിൽ ബോളിവുഡ് നടൻ ആമിർ ഖാനെതിരെയും പരാതിപ്പെടണമെന്നാണ് വിവാദങ്ങളുടെ തോഴനായ രാംദേവിന്‍റെ ഏറ്റവും ഒടുവിലത്തെ നിലപാട്.

അലോപ്പതിക്കെതിരെ പ്രസ്താവിച്ചതിന് തനിക്കെതിരെ പരാതിപ്പെട്ട 'മെഡിക്കൽ മാഫിയ' ധൈര്യമുണ്ടെങ്കിൽ നടൻ ആമിർ ഖാനെതിരെയും പരാതിപ്പെടണമെന്നാണ് രാംദേവ് വെല്ലുവിളിച്ചിരിക്കുന്നത്. 2012ൽ സ്റ്റാർപ്ലസ് ചാനലിൽ ആമിർ ഖാൻ അവതരിപ്പിച്ച 'സത്യമേവ ജയതേ' ടോക് ഷോയുടെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് രാംദേവിന്‍റെ വെല്ലുവിളി.

ആമിർ ഖാൻ അവതാരകനായ 'സത്യമേവ ജയതേ'യിൽ ഡോ. സമിത് ശർമ പങ്കെടുത്ത എപ്പിസോഡിലെ ഒരു ഭാഗമാണ് രാംദേവ് പങ്കുവെച്ചത്. മരുന്നുകളുടെ അമിത വിലയെ കുറിച്ചാണ് ഡോക്ടർ സംസാരിക്കുന്നത്.

പല മരുന്നുകളുടെയും യഥാർഥ വില, ഈടാക്കുന്നതിലും എത്രയോ കുറവാണെന്ന് ഡോ. ശർമ പറയുന്നുണ്ട്. 10 മുതൽ 50 ശതമാനം വരെ നികുതി നൽകുകയാണ്. രണ്ട് നേരം ഭക്ഷണം കഴിക്കാൻ വകയില്ലാത്ത ഇന്ത്യയിലെ 40 കോടി ജനങ്ങൾക്ക് ഇത്രവലിയ വില കൊടുത്ത് മരുന്ന് വാങ്ങാൻ കഴിയുമോയെന്നും ഡോക്ടർ ചോദിക്കുന്നു.

'ഉയർന്ന വില കാരണം ഒരുപാട് പേർക്ക് മരുന്നുകൾ വാങ്ങാൻ കഴിയുന്നില്ല അല്ലേ' എന്ന് ആമിർ ഖാൻ തിരികെ ചോദിക്കുന്നുമുണ്ട്. അമിത വില കാരണം ഇന്ത്യയിൽ 65 ശതമാനം ആളുകൾക്കും അവശ്യ മരുന്നുകൾ വാങ്ങാനാവുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകളെന്ന് ഡോക്ടർ ഇതിന് മറുപടി നൽകുന്നു.

ഈ ചർച്ച ചൂണ്ടിക്കാട്ടിയാണ്, തനിക്കെതിരെ കേസ് കൊടുക്കുന്നവർ ആമിർ ഖാനെതിരെയും പരാതിപ്പെടണമെന്ന് രാംദേവ് വാദിക്കുന്നത്.

അലോപ്പതി മരുന്നുകൾ ആളെക്കൊല്ലുന്നുവെന്ന രാംദേവിന്‍റെ പ്രസ്താവനയാണ് നേരത്തെ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഐ.എം.എ കടുത്ത വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെ, കേന്ദ്ര സർക്കാറും തള്ളിപ്പറഞ്ഞതോടെ രാംദേവിന് തന്‍റെ പ്രസ്താവന പിൻവലിക്കേണ്ടി വന്നിരുന്നു. 

Tags:    
News Summary - With Clip of Aamir Khan's Talk Show, Ramdev Now Challenges 'Medical Mafia' to Sue Actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.