കൊൽക്കത്ത/പട്ന/ലഖ്നോ/ഇംഫാൽ/ഷില്ലോങ്/ജയ്പുർ: പൗരത്വ ഭേദഗതി നിയമം ഉടൻ പിൻവലിക്കാൻ തയാറായില്ലെങ്കിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബംഗാളിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് മന്ത്രിയും ജംഇയ്യതുൽ ഉലമായെ ഹിന്ദ് സംസ്ഥാന അധ്യക്ഷനുമായ സിദ്ദീഖുല്ല ചൗധരി.
നഗരത്തിൽ വന്നാൽ ലക്ഷം പേരെ അണിനിരത്തി ഷായെ തടയും. വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. കാലങ്ങളായി ഇവിടെ ജീവിക്കുന്നവർക്ക് എതിരാണ് നിയമമെന്നും നഗരത്തിൽ സംഘടിപ്പിച്ച റാലിയിൽ സിദ്ദീഖുല്ല പറഞ്ഞു. അതേസമയം, ഞായറാഴ്ച ബംഗാളിൽ കാര്യമായ പ്രതിഷേധങ്ങളുണ്ടായില്ല. സ്ഥിതി സാധാരണ നിലയിലായിരുന്നു. പ്രശ്നബാധിത മേഖലകളിൽ പൊലീസ് കരുതൽ സുരക്ഷ തുടരുകയാണ്. ജംഇയ്യതുൽ ഉലമ റാലി നടത്തിയപ്പോൾ ബി.ജെ.പി പൗരത്വ നിയമത്തെ അനുകൂലിച്ചും പ്രകടനം നടത്തി.
അക്രമങ്ങളിൽ കൊല്ലപ്പെട്ട രണ്ടു പേരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രയങ്ക ഗാന്ധി ഉത്തർപ്രദേശിലെ ബിജ്നോറിലെത്തി. നഹ്തൗർ മേഖലയിലും അവർ സന്ദർശനം നടത്തി. രാജ്യത്തിെൻറ സമ്പദ്വ്യവസഥ തകർന്നത് ജനങ്ങളിൽനിന്ന് മറച്ചു പിടിക്കാനാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. നോട്ട് നിരോധന കാലത്ത് പണം മാറ്റിയെടുക്കാൻ ജനങ്ങൾ വരിനിന്നതുപോലെ പൗരത്വപ്പട്ടികയിൽ കയറിപ്പറ്റാൻ ജനങ്ങൾ വരിനിൽക്കേണ്ടി വരുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിൽ ജയ്പൂരിൽ ഞായറാഴ്ച രാത്രി എട്ടിന് റാലി നടത്തി. ജനങ്ങളിൽ ഭീതിയുടെ അന്തരീക്ഷമാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും നിയമം പിൻവലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. സി.പി.ഐ, സി.പി.എം, ജെ.ഡി.യു, ആപ്, ആർ.എൽ.ഡി, എസ്.പി, ജെ.ഡി.എസ് എന്നീ സംഘടനകളും റാലിയിൽ അണിചേർന്നു. പ്രക്ഷോഭം തുടരുന്നത് കണക്കിലെടുത്ത് മണിപ്പൂർ സർക്കാർ പടിഞ്ഞാറൻ മണിപ്പൂർ ജില്ലയിൽ രണ്ടു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഷില്ലോങ്ങിൽ ഞായറാഴ്ച രാവിലെ നിരോധനാജ്ഞ പിൻവലിച്ചു. നഗരത്തിലെ തെരുവുകൾ ക്രിസ്മസ് തിരക്കിലമർന്നു. മൊൈബെൽ ഇൻറർനെറ്റ്, മെസേജ് സേവനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. ബിഹാറിൽ ബന്ദിനിടെ അക്രമം നടത്തിയ മൂന്ന് ആർ.ജെ.ഡി പ്രവർത്തകരെ പാർട്ടിയിൽനിന്ന് പുറത്താക്കി.
ആർ.ജെ.ഡിയും കോൺഗ്രസ് അടക്കം അഞ്ചു പാർട്ടികളും ചേർന്നാണ് കഴിഞ്ഞ ദിവസം ബന്ദ് നടത്തിയത്. പാർട്ടിയുടെ ജില്ല പ്രസിഡൻറ് തിരുപ്പതിനാഥ് യാദവ്, മിറാസ് ചന്ദ്, ഷഹ്സാദ എന്നിവരെയാണ് സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ് പുറത്താക്കിയത്. ബന്ദിനിടെ ആർ.ജെ.ഡി പ്രവർത്തകർ അക്രമം നടത്തിയത് വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയതിനെ തുടർന്നായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.