ന്യൂഡൽഹി: രാഷ്ട്രീയഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നേതാവ് ശശി തരൂർ. ബി.ജെ.പിയിൽ ചേരുമോയെന്ന ചോദ്യങ്ങൾക്ക് ഉൾപ്പടെ ശശി തരൂർ മറുപടി നൽകി. ദ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം.
ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശശി തരൂർ തള്ളി. ബി.ജെ.പിയുമായി തനിക്ക് ആശയപരമായി യോജിപ്പില്ലെന്നും തരൂർ പറഞ്ഞു. എല്ലാ പാർട്ടികൾക്കും അവരുടേതായ ആശയങ്ങളും ചരിത്രവുമുണ്ട്. മറ്റൊരു പാർട്ടിയുടെ ആശയങ്ങളുമായി യോജിക്കാൻ സാധിക്കുന്നില്ലെങ്കിൽ അതിൽ ചേരാതിരിക്കുന്നതാണ് നല്ലത്. പക്ഷേ സ്വതന്ത്രനായി നിൽക്കാൻ തനിക്ക് അവകാശമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
ദേശീയതലത്തിൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് പ്രകടിപ്പിക്കാൻ സാധിക്കാത്ത മികവ് ബി.ജെ.പി പ്രകടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി ഈ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന് ബൂത്തുതലങ്ങളിൽ സംഘടനയില്ല. കേഡർ പാർട്ടിയല്ല കോൺഗ്രസ്. ഞങ്ങൾക്ക് ധാരാളം നേതാക്കളുണ്ട് എന്നാൽ പ്രവർത്തകരില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പദ്ധതിയെ താൻ എതിർക്കുകയാണ്. അത് നമ്മുടെ ഭരണഘടനക്ക് വിരുദ്ധമാണെന്ന് ശശി തരൂർ പറഞ്ഞു.
കോൺഗ്രസുമായി ഭിന്നത രൂക്ഷമാകുന്നതിനിടെ കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രം ശശി തരൂർ പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ തരൂരിനൊപ്പം കേന്ദ്ര വ്യവസായമന്ത്രി പിയുഷ് ഗോയലും ബ്രിട്ടിഷ് ട്രേഡ് സെക്രട്ടറി ജൊനാതൻ റെയ്നോൾഡ്സുമാണുള്ളത്. ഇന്ത്യ -യു.കെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചക്കു ശേഷമാണ് ഇരുവർക്കുമൊപ്പം തരൂർ സെൽഫി എടുത്തത്. തനിക്ക് ‘മറ്റു മാർഗങ്ങളുണ്ടെന്ന്’ കഴിഞ്ഞ ദിവസം കോൺഗ്രസ് നേതൃത്വത്തോട് തുറന്നടിച്ചതിനു പിന്നാലെയാണ് തരൂർ കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.