ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന ഡോണൾഡ് ട്രംപിന്റെ അവകാശ വാദത്തിൽ നരേന്ദ്ര മോദിയുടെ മൗനത്തെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. അതിന്റെ ക്രെഡിറ്റ് ട്രംപ് വീണ്ടും അവകാശപ്പെട്ട വേളയിലാണിത്.
‘പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാൻ തയ്യാറെടുക്കുമ്പോൾ വാഷിങ്ടൺ ഡി.സിയിലെ അദ്ദേഹത്തിന്റെ നല്ല സുഹൃത്ത് വീണ്ടും ഇടിമുഴക്കം തീർക്കുകയും അമേരിക്കയുമായുള്ള വ്യാപാരം ഒരു ലിവറേജായി ഉപയോഗിച്ച് ഓപ്പറേഷൻ സിന്ദൂർ നിർത്തിയതായി 42-ാം തവണയും അവകാശപ്പെടുകയും ചെയ്തു’ -രമേശ് എക്‌സിൽ എഴുതി.
‘പ്രധാനമന്ത്രി ഈ അവകാശവാദങ്ങളിൽ പരിഹാരമുണ്ടാക്കുകയും വർധിച്ചുവരുന്ന സംഘർഷഭരിതമായ ഇന്ത്യ-യു.എസ് ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമോ? ലക്ഷക്കണക്കിന് ഇന്ത്യൻ എച്ച്1ബി വിസ ഉടമകളുടെ ആശങ്കകൾ അദ്ദേഹം പരിഹരിക്കുമോ? തന്റെ നല്ല സുഹൃത്തിന്റെ താരിഫ് കാരണം ഉപജീവനമാർഗം നഷ്ടപ്പെടുന്ന കോടിക്കണക്കിന് കർഷകർക്കും തൊഴിലാളികൾക്കും അദ്ദേഹം ചില ഉറപ്പുകൾ നൽകുമോ? അതോ പുതിയ ജി.എസ്.ടി നിരക്കുകളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നത് അദ്ദേഹം ആവർത്തിക്കുമോ’ എന്നും രമേശ് ചോദിച്ചു.
അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകരുടെ അത്താഴവിരുന്നിൽ സംസാരിക്കവെയാണ് ട്രംപ്, പ്രസിഡന്റ് പദത്തിലിരിക്കെ വ്യാപാരം ഒരു വിലപേശൽ ശക്തിയായി ഉപയോഗിച്ച് നിരവധി യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന തന്റെ അവകാശവാദം ആവർത്തിച്ചത്. മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ ബഹുമാനിക്കപ്പെടുന്ന കാര്യങ്ങൾ തങ്ങൾ വീണ്ടും ചെയ്യുന്നുവെന്നും ട്രംപ് പറഞ്ഞു. ‘അങ്ങനെ ഇന്ത്യയും പാകിസ്താനും, തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള യുദ്ധങ്ങൾ നിർത്തി. ഇന്ത്യയെയും പാകിസ്താനെയും കുറിച്ചും ആലോചിക്കുക. ഞാൻ അത് എങ്ങനെ നിർത്തിയെന്ന് നിങ്ങൾക്കറിയാം. അവർ വ്യാപാരം ചെയ്യാൻ ആഗ്രഹിക്കുന്നു. രണ്ട് നേതാക്കളോടും എനിക്ക് വലിയ ബഹുമാനമുണ്ട്’ എന്നും ദക്ഷിണേഷ്യയെ പ്രത്യേകമായി ഉദ്ധരിച്ച് ട്രംപ് പറഞ്ഞു.
എന്നാൽ, ഈ അവകാശവാദത്തിൽ പ്രതിപക്ഷം പലതവണ പ്രതികരണം തേടിയിട്ടും മോദി മൗനം വെടിഞ്ഞിട്ടില്ല. അതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് ഈ വിഷയം വീണ്ടും ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.